മധ്യപ്രദേശ് കോണ്‍ഗ്രസിനുള്ളില്‍ വിഭാഗീയത വളരുന്നു; സിന്ധ്യയെ അധ്യക്ഷനാക്കണമെന്ന് ഒരുവിഭാഗം; തള്ളി കമല്‍നാഥ്
national news
മധ്യപ്രദേശ് കോണ്‍ഗ്രസിനുള്ളില്‍ വിഭാഗീയത വളരുന്നു; സിന്ധ്യയെ അധ്യക്ഷനാക്കണമെന്ന് ഒരുവിഭാഗം; തള്ളി കമല്‍നാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th May 2019, 9:45 am

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയും സംസ്ഥാന സര്‍ക്കാരിനെതിരേ ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളിയും മധ്യപ്രദേശില്‍ കോണ്‍ഗ്രസിനുള്ളിലെ ഭിന്നത രൂക്ഷമാക്കുന്നു. കഴിഞ്ഞദിവസം നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് പങ്കെടുക്കാതിരുന്നത് ഈ വിഭാഗീയത മൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, സ്വന്തം മകനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ വാശിപിടിച്ച കമല്‍ നാഥ് അടക്കമുള്ളവര്‍ക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനം നടത്തിയതും ഏറെ വിവാദമായിട്ടുണ്ട്.

ഇന്നലെ രണ്ടു യോഗങ്ങളാണ് കമല്‍ നാഥ് സംസ്ഥാനത്തു നടത്തിയത്. സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്ന ബി.ജെ.പി ആരോപണത്തെത്തുടര്‍ന്ന് മന്ത്രിമാരുമായായിരുന്നു കമല്‍ നാഥ് ആദ്യ കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്തെ തോല്‍വി വിലയിരുത്താന്‍ പാര്‍ട്ടി നേതാക്കളുമായുള്ള കൂടിക്കാഴ്ചയായിരുന്നു അടുത്തത്. ആദ്യ യോഗത്തില്‍ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ സംസ്ഥാനാധ്യക്ഷന്‍ ആക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും കമല്‍നാഥ് വിഭാഗം അതു തള്ളിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിന്ധ്യക്കു സംസ്ഥാനത്തെ പാര്‍ട്ടിയുടെ ചുമതല നല്‍കണമെന്നാണ് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള മന്ത്രിമാരാണ് ആവശ്യപ്പെട്ടത്. ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ അതു സഹായകമാകുമെന്ന വിലയിരുത്തലാണ് അവര്‍ നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗമായ ഗുണ സീറ്റില്‍ സിന്ധ്യ ഇത്തവണ പരാജയപ്പെട്ടത് ആ ആവശ്യം തള്ളാന്‍ കമല്‍ നാഥിനു സഹായകമാകും. കമല്‍ നാഥാണ് പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍.

മുഖ്യമന്ത്രി പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെയ്ക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദീപക് ബാബറിയ നടത്തിയ പ്രസ്താവനയാണ് ഇത്രയധികം വിവാദങ്ങള്‍ സൃഷ്ടിച്ചത്. കമല്‍ നാഥ് ഇക്കാര്യം തള്ളിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ 15 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ് അധികാരത്തിലേറിയതു മുതലാണ് ഈ പ്രശ്‌നങ്ങളൊക്കെയും തലയുയര്‍ത്തിത്തുടങ്ങിയത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് കമല്‍ നാഥിന്റെയും സിന്ധ്യയുടെയും പേരുകളാണ് പരിഗണനയിലുണ്ടായിരുന്നത്. ഇരുവിഭാഗങ്ങളും ഇതിനുവേണ്ടി കിണഞ്ഞുശ്രമിച്ചു. എന്നാല്‍ പ്രശ്‌നപരിഹാരം എന്ന നിലയില്‍ ദേശീയനേതൃത്വം തന്നെ കമല്‍ നാഥിനെ തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ രാഹുലിന്റെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന സിന്ധ്യയെ ദേശീയനേതൃത്വത്തിലേക്ക് ഉയര്‍ത്താനും ധാരണയായിരുന്നു.

ഈ പ്രശ്‌നങ്ങളൊക്കെയും മുതലെടുത്തത് ബി.ജെ.പിയായിരുന്നു എന്നതാണു യാഥാര്‍ഥ്യം. സംസ്ഥാനത്തെ 29 ലോക്‌സഭാ സീറ്റുകളില്‍ 28 സീറ്റും ബി.ജെ.പി നേടി.