| Monday, 11th July 2022, 7:53 am

മേധാ പട്കറടക്കം 12 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മധ്യപ്രദേശ് പൊലീസ്; ഫണ്ട് തിരിമറിയെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: സോഷ്യല്‍ ആക്ടിവിസിറ്റും നര്‍മദ ബചാവൊ ആന്ദോളന്‍ നേതാവുമായ മേധാ പട്കറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മധ്യപ്രദേശ് പൊലീസ്. മേധാ പട്കറടക്കം 12 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മേധാ പട്കര്‍ക്ക് പുറമെ പര്‍വീണ്‍ റുമി ജഹാംഗീര്‍, വിജയ ചൗഹാന്‍, കൈലാഷ് അവസ്യ, മോഹന്‍ പടിദാര്‍, ആഷിഷ് മണ്‍ഡ്‌ലോയ്, കേവല്‍ സിങ് വാസവെ, സഞ്ജയ് ജോഷി, ശ്യാം പാട്ടീല്‍, സുനിത് എസ്.ആര്‍, നൂര്‍ജി പട്‌വി, കേശവ് വാസവെ എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഫണ്ട് തിരിമറി ആരോപിച്ചാണ് അറസ്റ്റ്. ആദിവാസികളായ കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്ക് വേണ്ടി ശേഖരിച്ച് ഫണ്ട്, മറ്റ് രാഷ്ട്രീയ- ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചു എന്ന പരാതിയിന്മേലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മധ്യപ്രദേശിലെ ബര്‍വാനി ജില്ല സ്വദേശിയായ പ്രിതംരാജ് ബഡോലെ ആണ് പരാതിക്കാരന്‍.

ശനിയാഴ്ചയാണ് ബര്‍വാനി പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസെടുത്ത വിവരം ബര്‍വാനി പൊലീസ് തന്നെയാണ് പുറത്തുവിട്ടത്.

”മുമ്പ് നടന്ന ഇടപാടുകളെപറ്റിയാണ് കേസ് എന്നുള്ളത് കൊണ്ട് വിശദമായ അന്വേഷണം നടത്തേണ്ടി വരും,” ബര്‍വാനി പൊലീസ് സൂപ്രണ്ട് ദീപക് കുമാര്‍ ശുക്ല പി.ടി.ഐയോട് പ്രതികരിച്ചു. ഒരു സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് മേധാ പട്കര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പരാതിക്കൊപ്പം ചില രേഖകളും ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ‘നര്‍മദ നവ്‌നിര്‍മാണ്‍ അഭിയാന്‍’ (എന്‍.എന്‍.എ) എന്ന ട്രസ്റ്റ് ഫണ്ടുകള്‍ തിരിമറി ചെയ്‌തെന്നാണ് ബഡോലെ ആരോപിക്കുന്നത്. മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും നര്‍മദ താഴ്വരയിലുള്ള ആദിവാസി കുട്ടികളുടെ റെസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ച ഫണ്ടാണ് തിരിമറി ചെയ്തതെന്നും ആരോപിക്കുന്നു.

കഴിഞ്ഞ 14 വര്‍ഷങ്ങള്‍ക്കുള്ളില്‍, വിവിധ സ്രോതസുകളില്‍ നിന്നായി നര്‍മദ നവ്‌നിര്‍മാണ്‍ അഭിയാന്‍ 13.50 കോടി രൂപ ശേഖരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ തുകയെല്ലാം രാഷ്ട്രീയ- ദേശവിരുദ്ധ അജണ്ടകള്‍ക്ക് വേണ്ടി ഉപയോഗിച്ചതായും ഇത് അന്വേഷിക്കണമെന്നുമാണ് ബഡോലെ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ആരോപണങ്ങള്‍ മേധാ പട്കര്‍ നിഷേധിച്ചിട്ടുണ്ട്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ തീര്‍ത്തും തെറ്റാണെന്ന് അവര്‍ പ്രതികരിച്ചു. കളക്ട് ചെയ്ത പണം മുഴുവനായും തന്റെ കയ്യിലുണ്ടായിരുന്നെന്നും ചിലവുകളുടെ കൃത്യമായ ഓഡിറ്റ് ഉണ്ടെന്നും പറഞ്ഞ മേധാ പടികര്‍ തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാകാമെന്നും കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനെക്കുറിച്ച് പൊലീസിന്റെ ഭാഗത്ത് നിന്നും ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നും മേധാ പട്കര്‍ പ്രതികരിച്ചു. ”സിസ്റ്റത്തെ ചോദ്യം ചെയ്തുകൊണ്ട് നല്ല കാര്യങ്ങള്‍ ചെയ്യുന്നവരെ ദേശ വിരുദ്ധര്‍ എന്നാണ് വിളിക്കുന്നത്. പൊതുജനം തീരുമാനിക്കട്ടെ,” അവര്‍ പറഞ്ഞു.

Content Highlight: Madhya Pradesh police registered FIR against Medha Patkar alleging misuse of funds

We use cookies to give you the best possible experience. Learn more