‘നിങ്ങളുടെ താടി കണ്ടപ്പോള്‍ നിങ്ങളൊരു മുസ്‌ലിം ആണെന്ന് കരുതി. അതാണ് പൊലീസുകാര്‍ നിങ്ങളെ അടിച്ചത്. ഹിന്ദു-മുസ് ലിം പ്രശ്‌നം നടക്കുമ്പോളെല്ലാം മുസ്‌ലിങ്ങളെ അറസ്റ്റ് ചെയ്താല്‍ ഇതേ രീതിയില്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ട്. ‘
കഴിഞ്ഞ മാസം മധ്യപ്രദേശില്‍ പൊാലീസ് മര്‍ദ്ദനത്തിനിരയായ ദീപക് ബുന്ദേല്‍ എന്ന അഭിഭാഷകനോട് പൊലീസ് നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞ വാക്കുകളാണിത്. സംഭവത്തില്‍ ദീപക് ബുന്ദേല നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് വിളിച്ച് സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
രാജ്യത്ത് നിലനില്‍ക്കുന്ന മുസ്ലിം വിരുദ്ധതയും വര്‍ഗീയതയും എങ്ങിനെയാണ് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് നയിക്കുന്നതെന്ന് ഈ സംഭവം തെളിയിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
മാര്‍ച്ച് 23നാണ് വിവാദങ്ങള്‍ക്ക് ആസ്പദമായ സംഭവം നടന്നത്. ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകുംവഴിയാണ് ദീപക് ബുംദേലയെന്ന അഭിഭാഷകനെ പൊലീസ് മര്‍ദ്ദിക്കുന്നത്.
‘മാര്‍ച്ച് 23ാം തിയതി വൈകീട്ട് അഞ്ച് മണിയോടെ ആശുപത്രിയിലേക്ക് പോയ എന്നെ പൊലീസ് തടയുകയായിരുന്നു. ദേശീയ ലോക്കഡൗണ്‍ വന്നിരുന്നില്ല ആ സമയത്ത് . പക്ഷെ ബെട്ടൂല്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ചികിത്സ തേടുന്ന ആളാണ് ഞാന്‍. ആരോഗ്യാവസ്ഥ മോശമായതോടെ ആശുപത്രിയില്‍ പോകാനും മരുന്നു വാങ്ങാനും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പകുതിവഴി എത്തിയപ്പോഴേക്കും പൊലീസ് എന്നെ തടഞ്ഞു. അസുഖമാണെന്നും ആശുപത്രിയിലേക്ക് പോകുകയാണെന്നും പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ പോലും തയ്യാറാകാതെ അവര്‍ എന്നെ മര്‍ദ്ദിച്ചു.
നിങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്നും ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും ഞാന്‍ അവരോട് പറഞ്ഞു, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188 പ്രകാരം തടങ്കലില്‍ കഴിയാന്‍ തയ്യാറാണെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ ഇതുകേട്ടതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.
ഭരണഘടനയെ അപമാനിച്ചായിരുന്നു പിന്നീട് അവര്‍ സംസാരിച്ചത്. എന്നെയും എന്തൊക്കെയോ പറഞ്ഞു. അധികം വൈകാതെ തന്നെ നിരവധി പൊലീസുകാര്‍ അവിടെ എത്തുകയും എന്നെ വടികൊണ്ട് തല്ലിച്ചതയ്ക്കുകയുമായിരുന്നു.
ഞാന്‍ ഒരു അഭിഭാഷകനാണെന്ന് പറഞ്ഞതിന് ശേഷം മാത്രമാണ് അവര്‍ മര്‍ദ്ദനം അവസാനിപ്പിച്ചത്. പക്ഷേ, അപ്പോഴേക്കും എന്റെ ചെവിയില്‍ നിന്നും രക്തം ഒഴുകാന്‍ തുടങ്ങിയിരുന്നു. പിന്നീട് സുഹൃത്തിനെയും സഹോദരനെയും വിളിച്ച് ആശുപത്രിയില്‍ എത്തുകയായിരുന്നു’, ദീപക് പറയുന്നു.
മാര്‍ച്ച് 24 ന് എസ്.പിക്കും ഡി.ജി.പിക്കും ദീപക് പരാതി നല്‍കി. മുഖ്യമന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പരാതിയുടെ കോപ്പി നല്‍കി. പക്ഷെ ദീപക് നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് ഇതുവരെയും തയ്യാറായിട്ടില്ല.
മാര്‍ച്ച് 23 ലെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ക്കായി വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചെങ്കിലും അവര്‍ അത് തന്നില്ലെന്നും ദീപക് പറയുന്നു.
‘വിവരാവകാശ അഭ്യര്‍ത്ഥന നടത്തിയതിന്റെ കാരണം ഞാന്‍ വ്യക്തമായി പറഞ്ഞിട്ടില്ലെന്ന മറുപടിയായിരുന്നു അവര്‍ തന്നത്. സിസി ടിവി ദൃശ്യങ്ങള്‍ അവര്‍ മായ്ച്ചുകളഞ്ഞിരിക്കാമെന്നാണ് ഞാന്‍ അറിഞ്ഞത്. പിന്നീട് പരാതി പിന്‍വലിക്കാനുള്ള വലിയ സമ്മര്‍ദ്ദം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായി.
പരാതി പിന്‍വലിക്കുകയാണെങ്കില്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഒരു പ്രസ്താവന ഇറക്കാന്‍ പൊലീസ് തയ്യാറാണെന്നായിരുന്നു ആദ്യം അവര്‍ അറിയിച്ചത്. പിന്നീട് അവരുടെ സ്വരം ഭീഷണിയുടേതായി. എനിക്കും അഭിഭാഷകന്‍ കൂടിയായ എന്റെ സഹോദരനും സമാധാനത്തോടെ ജോലി ചെയ്യണമെങ്കില്‍ പരാതി പിന്‍വലിച്ചേ തീരൂവെന്നായിരുന്നു പറഞ്ഞത്. എങ്കിലും ഞാന്‍ അതിന് തയ്യാറായില്ല. എന്റെ മൊഴി എടുക്കേണ്ടതിന് പകരം പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നു അവര്‍.
ആളുമാറി സംഭവിച്ചതാണെന്നും താടി കാരണം മുസ്ലീമാണെന്ന് കരുതിയാണ് മര്‍ദ്ദിച്ചതെന്നുമായിരുന്നു ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്നും ദീപക് വെളിപ്പെടുത്തി. പൊലീസും ദീപകും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് ദീ വയര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേസ് പിന്‍വലിക്കാന്‍ തയ്യാറാകണമെന്നാണ് ആദ്യം പൊലീസ് ഈ കോളില്‍ പറയുന്നത്. ‘നിങ്ങളോട് ഒരു അഭ്യര്‍ത്ഥനയുണ്ട് പൊലീസ് നിങ്ങളോട് അപമര്യാദയായി പെരുമാറുകയോ അടിക്കുകയോ ചെയ്തില്ലെന്ന് നിങ്ങള്‍ എഴുതിനല്‍കണം. നമ്മളെല്ലാവരും ഗാന്ധിയുടെ രാജ്യത്തല്ലേ താമസിക്കുന്നത്, ഗാന്ധിയുടെ മക്കളല്ലേ നമ്മള്‍, നിങ്ങളുടെ ജാതിയില്‍പ്പെട്ട അന്‍പതോളം സുഹൃത്തുക്കളെങ്കിലും എനിക്കുണ്ട്.’ ഇങ്ങിനെയാണ് പൊലീസ് ആദ്യം പറയുന്നത് ഇതിന് മറുപടിയായി ഒരു പൊലീസിനോടും വ്യക്തിവിരോധം ഒന്നുമില്ലെന്നും പക്ഷെ പരാതി പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും ദീപക് പറഞ്ഞു. വീണ്ടും ദീപകിനെ അനുനയിപ്പിക്കാനായി പൊലിസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വലിയ വിവാദമായിരിക്കുന്നത്.
‘നിങ്ങളൊരു ഹിന്ദു സഹോദരനാണെന്ന് തിരിച്ചറിയാതെ ഇത്തരത്തില്‍ നിങ്ങളോട് പെരുമാറിയതില്‍ ഇവിടെ എല്ലാവരും വലിയ നാണക്കേടിലാണ്. നിങ്ങളോട് ഞങ്ങള്‍ക്ക് ഒരു വിരോധവുമില്ല. ഒരു ഹിന്ദു-മുസ് ലിം കലാപം വരുമ്പോളെല്ലാം പൊലീസ് എപ്പോഴും ഹിന്ദുക്കളെയാണ് സഹായിക്കാറുള്ളത്. മുസ് ലിങ്ങള്‍ക്ക് പോലും അതറിയാം. പക്ഷെ നിങ്ങള്‍ക്ക് സംഭവിച്ചത് അറിവില്ലായ്മ മൂലമാണ്. അതിന് എന്തു മറുപടി പറയണമെന്ന് എനിക്കറിയില്ല.’
തന്നെ മര്‍ദ്ദിച്ച ദിവസം യാതൊരുവിധ കലാപ അന്തരീക്ഷവും ഉണ്ടായിരുന്നില്ലല്ലോ എന്നിട്ടും എന്തുകൊണ്ട് ഇത് സംഭവിച്ചു എ്ന്നായിരുന്നു ഇതിന് മറുപടിയായി ദീപക് ചോദിച്ചത്.
ഇതിന് പൊലീസുകാര്‍ നല്‍കിയ മറുപടിയും ഏറെ അലോസരപ്പെടുത്തുന്നതാണ്. ‘അത് ശരിയാണ്. പക്ഷെ നിങ്ങള്‍ക്ക് നീണ്ട് താടിയുണ്ടായിരുന്നല്ലോ. നിങ്ങളെ മര്‍ദ്ദിച്ച പൊലീസുകാരന്‍ ഒരു തീവ്ര ഹിന്ദുവാണ്. ഹിന്ദു – മുസ് ലിം കലാപം വരുന്ന സമയത്തെല്ലാം അറസ്റ്റ് ചെയ്യുന്ന മുസ് ലിങ്ങളെ അയാള്‍ ഇത്തരത്തില്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ട്.’ എന്നാണ് ഇതിന് പൊലീസ് നല്‍കിയ മറുപടി.
മര്‍ദ്ദിച്ചതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് പൊലീസ് നല്‍കിയ മറുപടി തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുവെന്നാണ് ദീപക് ദി വയറിനോട് പ്രതികരിച്ചത്. ഞാനൊരു മുസ് ലിമാണെങ്കില്‍ കൂടി ഇത്തരത്തില്‍ ഒരു കാരണവും കൂടാതെ മുസ് ലിങ്ങളെ മര്‍ദ്ദിക്കാനുള്ള അധികാരം ആരാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നതെന്നും ദീപക് ചോദിക്കുന്നു.