ഭോപ്പാല്‍: മധ്യപ്രദേശില്‍ വീണ്ടും ഒരു ആള്‍ക്കൂട്ട ആക്രമണം. 25 വയസുകാരനായ മുസ്ലിം യുവാവാണ് ഞായറാഴ്ച ഇന്‍ഡോറിലെ ബന്‍ഗങ്കയില്‍ അക്രമത്തിനിരയായത്.
വള വില്‍പനക്കാരനായ തസ്ലീമിനെയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് പൊതുസ്ഥലത്ത് വെച്ച് ആക്രമിച്ചത്. സംഭവത്തില്‍ യുവാവിന്റെ പക്കലുണ്ടായിരുന്ന 10,000 രൂപയും അക്രമിസംഘം പിടിച്ചെടുത്തതായി പറയുന്നു.
അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഡോര്‍ പൊലീസ് സ്റ്റേഷനില്‍ ഞായറാഴ്ച വൈകിയും ആളുകള്‍ കൂട്ടം കൂടിയതിനെത്തുടര്‍ന്ന് പൊലീസ് കേസെടുത്തു.
അതേസമയം അക്രമികളെ ന്യായീകരിക്കുന്ന തരത്തില്‍ സംഭവത്തില്‍ പ്രതികരണവുമായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര രംഗത്തെത്തി. അയാള്‍ വ്യാജ പേരിലായിരുന്നു കച്ചവടം നടത്തിയിരുന്നത് എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ആളുകള്‍ ആക്രമിച്ചത് എന്നാണ് പൊലീസ് അന്വേഷണത്തെ ഉദ്ധരിച്ച് മന്ത്രി പറഞ്ഞത്.
”ഈ സംഭവത്തിന് വര്‍ഗീയ നിറം കൊടുക്കേണ്ട ആവശ്യമില്ല,” മന്ത്രി പറഞ്ഞു.
യുവാവിനെ തിരക്കേറിയ തെരുവില്‍ വെച്ച് ആളുകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വര്‍ഗീയ ചുവയുള്ള പരാമര്‍ശങ്ങളും അക്രമികള്‍ ഇതിനിടയില്‍ നടത്തുന്നത് വീഡിയോയില്‍ വ്യക്തമാണ്.
”നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്തോളു. ഇവനെ ഈ ഭാഗത്ത് ഇനി കാണാന്‍ പാടില്ല,” അക്രമികളിലൊരാള്‍ വീഡിയോയില്‍ പറഞ്ഞു. തസ്ലീമിനെ വസ്ത്രത്തില്‍ പിടിച്ച് വലിക്കുന്നതും നിലത്ത് വെച്ച് അടിക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.
”അക്രമികള്‍ ആദ്യം വന്ന് എന്റെ പേര് ചോദിച്ചു. പേര് പറഞ്ഞ ഉടന്‍ തന്നെ എന്നെ ആക്രമിക്കാന്‍ തുടങ്ങി. എന്റെ പക്കലുണ്ടായിരുന്ന 10,000 രൂപ തട്ടിയെടുക്കുകയും വളകളും മറ്റ് സാധനങ്ങളും നശിപ്പിക്കുകയും ചെയ്തു,” യുവാവ് തന്റെ പരാതിയില്‍ പറഞ്ഞു.
കവര്‍ച്ച, കലാപാന്തരീക്ഷം സൃഷ്ടിക്കല്‍, കയ്യേറ്റം, മതസൗഹാര്‍ദം നശിപ്പിക്കാന്‍ ശ്രമിക്കല്‍ എന്നിവയിലാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, സംഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകളോട് പ്രതികരിക്കരുതെന്ന് പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
”വര്‍ഗീയ ചുവയുള്ള പോസ്റ്റുകളോട് പ്രതികരിക്കരുതെന്ന് ഞങ്ങള്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരം പോസ്റ്റുകളെ ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. അവയ്ക്കെതിരേയും നടപടിയുണ്ടാവും,” ഇന്‍ഡോര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫീസര്‍ അശുതോഷ് ബഗ്രി പറഞ്ഞു.