| Monday, 26th November 2018, 10:10 am

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി പോരാട്ടം; മിസോറാമിലും മധ്യപ്രദേശിലും ഇന്ന് കൊട്ടിക്കലാശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മധ്യപ്രദേശിലും മിസോറാമിലും തെരഞ്ഞെടുപ്പ് പ്രചരണം ഇന്നവസാനിക്കും. മധ്യപ്രദേശിലെ 230 സീറ്റുകളിലേക്കും മിസോറാമിലെ 40 സീറ്റിലേക്കുമാണ് പ്രചരണത്തിന് ഇന്ന് തിരശ്ശീല വീഴുന്നത്.

മധ്യപ്രദേശില്‍ തുടക്കത്തിലെ സര്‍വ്വെകളിലെല്ലാം ബി.ജെ.പിക്ക് മുന്‍തൂക്കം ഉണ്ടായിരുന്നുവെങ്കിലും വിമത ശല്യവും ബി.ജെ.പിക്കുള്ളിലെ തര്‍ക്കവും കോണ്‍ഗ്രസിനെ പ്രചരണത്തില്‍ മുന്നില്‍ എത്തിച്ചു. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ നേര്‍ക്കു നേര്‍ പോരാട്ടം നടക്കുന്ന മധ്യപ്രദേശ് ഇരു പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്.

അവസാന ഒരാഴ്ചയാണ് പ്രചരണത്തിന് മധ്യപ്രദേശില്‍ ചൂടുപിടിച്ചത്. അയോധ്യ വിഷയം ഉയര്‍ത്തിക്കാട്ടി വര്‍ഗീയ പ്രചരണമാണ് ബി.ജെ.പി അവസാനം ആയുധമാക്കിയത്. മധ്യപ്രദേശില്‍ മത്സരം കടുക്കുന്നു എന്ന മുന്നറിയിപ്പ് ആര്‍.എസ്.എസും ബി.ജെ.പിക്ക് നല്‍കിയിരുന്നു.

Read Also : ഗാന്ധിയെ കൊന്നത് ഗോഡ്‌സേ ആണെന്ന് പറഞ്ഞയാളെ യൂസ്‌ലെസ്സ് എന്ന് വിളിച്ച് ബി.ജെ.പി നേതാവ്; അതൊക്കെ വീട്ടില്‍ പോയി വിളിച്ചാല്‍ മതിയെന്ന് മറുപടി

അതേസമയം കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറാമില്‍ പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരവും ചതുഷ്‌ക്കോണ മത്സരം ഉണ്ടാകുമെന്നാണ് സൂചന. മിസോറാമില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ മാറ്റാന്‍ ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തോടെയാണ് പ്രചരണം തുടങ്ങിയത്.

രാഹുല്‍ ഗാന്ധിയുടെയും നരേന്ദ്രമോദിയുടെയും പ്രചാരണ റാലികളോടെയാണ് മധ്യപ്രദേശിലെ പരസ്യപ്രചാരണം അവസാനിക്കുക. ബുധനാഴ്ചയാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിലയിരുത്തപ്പെടുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ നാലാം തവണയും അധികാരത്തിലെത്താനാണ് ബി.ജെ.പി ശ്രമം. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉയര്‍ത്തിക്കാട്ടുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളാണ്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മധ്യ ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ കോണ്‍ഗ്രസിന് വിജയം കൂടിയേ തീരൂ.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഭരണമുള്ള ഏക സംസ്ഥാനമാണ് മിസോറം. ഇത് നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു സാന്നിധ്യമേ അല്ലാതിരുന്ന ബി.ജെ.പി കടുത്ത മത്സരമാണ് ഇക്കുറിയുയര്‍ത്തുന്നത്.

We use cookies to give you the best possible experience. Learn more