| Monday, 7th December 2020, 9:43 pm

രാജ്യദ്രോഹി പട്ടികയിലേക്ക് പുതിയ പേരുകള്‍; പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നവര്‍ രാജ്യദ്രോഹികളെന്ന് ബി.ജെ.പി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചവരെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കമല്‍ പട്ടേല്‍. പുരസ്‌കാര ജേതാക്കളെന്ന് വിളിക്കപ്പെടുന്ന ബുദ്ധി ജീവികള്‍ ദേശസ്‌നേഹികളല്ലെന്നും അവര്‍ ഇന്ത്യയെ അധിക്ഷേപിക്കുകയുമാണെന്നാണ് മന്ത്രി പറഞ്ഞത്.

‘പുരസ്‌കാര ജേതാക്കളെന്ന് വിളിക്കപ്പെടുന്ന ബുദ്ധിജീവികളൊന്നും തന്നെ ദേശസ്‌നേഹികളല്ല. ഈ പറയുന്നവര്‍ക്കൊക്കെ എങ്ങനെയാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്? ഭാരതമാതാവിനെ അധിക്ഷേപിച്ച് സംസാരിച്ചവര്‍ക്കും രാജ്യത്തെ വിഭജിച്ചവര്‍ക്കുമാണ് പുരസ്‌കാരം ലഭിക്കുന്നത്,’ കമല്‍ പട്ടേല്‍ പറഞ്ഞു.

കര്‍ഷക യൂണിയന്‍ നേതാക്കളോട് തന്നെ വന്ന് വെല്ലുവിളിക്കാനും പട്ടേല്‍ ആവശ്യപ്പെട്ടു.

‘എന്നെ വന്ന് വെല്ലുവിളിക്കാന്‍ കര്‍ഷക യൂണയന്‍ നേതാക്കളോട് ഞാന്‍ ആവശ്യപ്പെടുകയാണ്. അവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി എന്റെ കയ്യില്‍ ഉണ്ട്. അവര്‍ക്ക് ഈ നിയമങ്ങള്‍ ഒക്കെ ഒഴിവാക്കണം. അതെങ്ങനെ പറ്റും? ഈ ജനാധിപത്യത്തില്‍ ജനങ്ങളാണ് ഏറ്റവും വലിയ ശക്തി. ഈ ബില്ലുകള്‍ പാസാക്കിയ പാര്‍ലമെന്റ് അംഗങ്ങളെ ജനങ്ങളാണ് വിജയിപ്പിച്ചത്,’ പട്ടേല്‍ പറഞ്ഞു.

പഞ്ചാബില്‍ നിന്നുള്ള നിരവധി കലാകാരന്മാരും കായിക പ്രതിഭകളും രാഷ്ട്രീയ നേതാക്കളും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പുരസ്‌കാരങ്ങള്‍ മടക്കി നല്‍കിയിരുന്നു.

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ തന്റെ പദ്മ വിഭൂഷണ്‍ മടക്കി നല്‍കിയിരുന്നു. ഗുസ്തി താരം കര്‍ത്താര്‍ സിംഗ് അടക്കം 30ലേറെ കായിക പ്രതിഭകള്‍ ഇന്ന് രാഷ്ട്രപതി ഭവന്‍ ലക്ഷ്യമാക്കി മാര്‍ച്ച് ചെയ്തിരുന്നു. പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കാനായിരുന്നു കായിക താരങ്ങള്‍ എത്തിയത്. ഇവരെ ദല്‍ഹി പൊലീസ് വഴിയില്‍ വെച്ച് തടഞ്ഞിരുന്നു.

കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ തന്റെ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരം തിരിച്ച് നല്‍കുമെന്ന് കഴിഞ്ഞ ദിവസം ബോക്സിംഗ് താരം വിജേന്ദര്‍ സിംഗും അറിയിച്ചിരുന്നു.

ദല്‍ഹി ചലോ മാര്‍ച്ചിനിടെ കര്‍ഷകര്‍ക്കു നേരെയുണ്ടായ നടപടികളില്‍ പ്രതിഷേധിച്ചും കര്‍ഷകരെ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചുമാണ് കായിക താരങ്ങള്‍ പദ്മശ്രീ, അര്‍ജുന പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നത്.

പദ്മശ്രീയും അര്‍ജുന പുരസ്‌കാരവും നേടിയിട്ടുള്ള ഗുസ്തി താരം കര്‍ത്താര്‍ സിങംഗ്, അര്‍ജുന പുരസ്‌കാര ജേതാവും ബാസ്‌ക്കറ്റ് ബോള്‍ താരവുമായ സജ്ജന്‍ സിംഗ് ചീമ, അര്‍ജുന ജേതാവും ഹോക്കി താരവുമായ രാജ്ബിര്‍ കൗര്‍ എന്നിവരടക്കം പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

‘ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്, അവര്‍ കഴിഞ്ഞ കുറേ മാസങ്ങളായി സമാധാനപരമായ പ്രക്ഷോഭം നടത്തുന്നുണ്ട്. ഒരു അക്രമസംഭവം പോലും നടന്നില്ല. എന്നാല്‍ അവര്‍ ദല്‍ഹിയിലേക്ക് പോകാന്‍ ഒരുങ്ങിയപ്പോള്‍ അവര്‍ക്കെതിരെ പൊലീസ് ജലപീരങ്കികളും ടിയര്‍ ഗ്യാസ് ഷെല്ലുകളും ഉപയോഗിച്ചു. ഞങ്ങളുടെ കാരണവന്‍മാരുടെയും സഹോദരങ്ങളുടെയും തലപ്പാവുകള്‍ അഴിച്ചെറിയപ്പെടുമ്പോള്‍ ഞങ്ങള്‍ പുരസ്‌കാരങ്ങള്‍ വച്ചുകൊണ്ടിരിക്കുന്നതില്‍ എന്തു കാര്യം? അതുകൊണ്ടാണ് ഈ പുരസ്‌കാരങ്ങള്‍ മടക്കിനല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്, ‘ താരങ്ങള്‍ പറഞ്ഞു.

സെപ്റ്റംബറില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഒരാഴ്ചയായി ആയിരക്കണക്കിന് കര്‍ഷകരാണ് ദല്‍ഹിയിലും അതിര്‍ത്തികളിലുമായി പ്രതിഷേധിക്കുന്നത്. പൊലീസിന്റെ ജലപീരങ്കികളും ടിയര്‍ഗ്യാസ് പ്രയോഗവും ബാരിക്കേഡുകളും മറികടന്നാണ് കര്‍ഷകര്‍ ദല്‍ഹിയില്‍ എത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Madhya Pradesh Minister says awardess who are returning awards are not Patriots

We use cookies to give you the best possible experience. Learn more