ഭോപാല്‍: മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ നിലനില്‍ക്കെ ശത്രു വിനാശക് യത്‌നം നടത്തി മന്ത്രി. സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് കമല്‍നാഥ് മന്ത്രിസഭയിലെ മന്ത്രി പി.സി ശര്‍മ്മ ശത്രു സഹാര പൂജ നടത്തിയത്.
അഗര്‍ മാല്‍വയിലെ ക്ഷേത്രത്തില്‍വെച്ചായിരുന്നു ശര്‍മ്മ പൂജ നടത്തിയത്. ‘ഞാന്‍ മതകാര്യ, ആത്മീയ വകുപ്പ് മന്ത്രി കൂടിയാണ്. അതിനാല്‍ ഭക്തരുടെ ക്ഷേമത്തിനായി ഞാനിവിടെ വരാറുണ്ട്. നമ്മുടെ സര്‍ക്കാരിന് അപകടമൊന്നും വരില്ല. കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെതുമായി 121 എം.എല്‍.എമാരുടെ പിന്തുണ സര്‍ക്കാരിനുണ്ട്. നിങ്ങള്‍ നോക്കിക്കോളൂ, നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുമ്പോള്‍ നാലഞ്ച് നിയമസഭാംഗങ്ങള്‍ക്കൂടി കൂടുതലായി ഞങ്ങളെ പിന്തുണയ്ക്കും’ശര്‍മ്മ എന്‍.ഡി ടി.വിയോട് പറഞ്ഞു.
കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന് ഭൂരുപക്ഷം നഷ്ടപ്പെട്ടെന്ന് ബോധ്യപ്പെട്ടു. ബജറ്റ് സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച രാവിലെ 11 മണിക്ക് വിശ്വാസവോട്ട് തേടണമെന്നാണ് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.