'കാത്തിരുന്ന് കണ്ടോളൂ, ഞങ്ങള്‍ക്ക് വിജയിക്കാനാവശ്യമുള്ള എണ്ണമുണ്ട്'; മധ്യപ്രദേശില്‍ ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ് മന്ത്രിസഭാംഗം
national news
'കാത്തിരുന്ന് കണ്ടോളൂ, ഞങ്ങള്‍ക്ക് വിജയിക്കാനാവശ്യമുള്ള എണ്ണമുണ്ട്'; മധ്യപ്രദേശില്‍ ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ് മന്ത്രിസഭാംഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th March 2020, 3:05 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാന്‍ കമല്‍നാഥ് സര്‍ക്കാരിന് കഴിയുമെന്ന് മന്ത്രിയും സ്വതന്ത്ര എം.എല്‍എ പ്രദീപ് ജയ്‌സ്വാല്‍. ഞായറാഴ്ച രാവിലെ നടന്ന കാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘ഞങ്ങള്‍ക്ക് വിജയിക്കാന്‍ ആവശ്യമായ എണ്ണമുണ്ട്. മുഖ്യമന്ത്രി ആത്മവിശ്വാസത്തിലാണ്. കാത്തിരുന്ന് കണ്ടോളൂ. കൊറാണയുടെ പശ്ചാത്തലത്തില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കുമോ എന്നുറപ്പില്ല’, പ്രദീപ് ജയ്‌സ്വാല്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബജറ്റ് സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച രാവിലെ 11 മണിക്ക് വിശ്വാസവോട്ട് തേടണമെന്നാണ് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സര്‍ക്കാരിന് ഭൂരുപക്ഷം നഷ്ടപ്പെട്ടെന്ന് ബോധ്യപ്പെട്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിശ്വാസവോട്ടെടുപ്പ് നടത്താന്‍ അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി കമല്‍നാഥ് കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ടിരുന്നു. ആര്‍ട്ടിക്കിള്‍ 175 പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഗവര്‍ണറുടെ നടപടി. ശനിയാഴ്ച അര്‍ധരാത്രിയാണ് ഗവര്‍ണര്‍ കമല്‍നാഥിന് വിശ്വാസവോട്ടെടുപ്പ് തേടണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കൈമാറിയത്.

എം.എല്‍.എമാര്‍ രാജിവെച്ചതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും തുടര്‍ന്ന് ഭരിക്കാന്‍ അവകാശമില്ലെന്നും ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചിരുന്നു. ബി.ജെ.പിയുടെ ആരോപണം ശരിവെച്ച ഗവര്‍ണര്‍ ന്യൂനപക്ഷ സര്‍ക്കാരാണ് നിലവിലുള്ളതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ