ബുന്ദേല്‍ഖണ്ഡ്: മഴ ലഭിക്കാനായി തവളക്കല്യാണം നടത്തി മധ്യപ്രദേശ് മന്ത്രി ലളിതാ യാദവ്. വെള്ളിയാഴ്ചയാണ് ഛത്തര്‍പൂരിലെ ക്ഷേത്രത്തില്‍ വച്ച് “മഴ ദൈവങ്ങളെ പ്രസാദിപ്പിക്കാന്‍” തവളകളെ വിവാഹം കഴിപ്പിക്കുന്ന പരമ്പരാഗത ചടങ്ങിന് മന്ത്രി നേതൃത്വം നല്‍കിയത്. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ചടങ്ങില്‍ പ്രാദേശിക ബി.ജെ.പി. നേതാക്കള്‍ക്കൊപ്പം മന്ത്രി ലളിതാ യാദവിന്റെയും സാന്നിദ്ധ്യത്തിലാണ് പുരോഹിതന്‍ തവളകളുടെ വിവാഹം പരമ്പരാഗത വിധിപ്രകാരം നടത്തിയത്.
മന്ത്രിയുടെ നടപടി അന്ധവിശ്വാസത്തെ പിന്താങ്ങുന്നതാണെന്നും, ഒരു മന്ത്രിയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാനാകാത്തതാണെന്നും നിശിതമായി വിമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷപ്പാര്‍ട്ടിയായ കോണ്‍ഗ്രസ്സ് രംഗത്തെത്തിയിട്ടുണ്ട്. ജലക്ഷാമത്താല്‍ വലയുന്ന നാട്ടുകാര്‍ക്ക് കുടിവെള്ളം എത്തിച്ചുകൊടുക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനു പകരം മന്ത്രി ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിച്ച് സമയം കളയുകയാണെന്ന് ഛത്തര്‍പൂരില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ അലോക് ചതുര്‍വേദി കുറ്റപ്പെടുത്തി.
“പാരമ്പര്യത്തിന്റെയും മതത്തിന്റെയും പേരില്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഈ സമയവും ഊര്‍ജവും ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഉപയോഗപ്പെടുത്തിയാല്‍ നന്നായിരിക്കും.” ചതുര്‍വേദി പറയുന്നു.
എന്നാല്‍, ചടങ്ങ് അന്ധവിശ്വാസമല്ലെന്നും, പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള യുക്തിപൂര്‍ണമായ മാര്‍ഗ്ഗമാണെന്നുമാണ് മന്ത്രി ലളിതാ യാദവിന്റെ പക്ഷം. “പരിസ്ഥിതിയില്‍ വന്ന മാറ്റങ്ങളുടെ ഫലമാണ് വരള്‍ച്ച. ബുന്ദേല്‍ഖണ്ഡിലെ അവസ്ഥയില്‍ പ്രകൃതി ഒട്ടും സന്തുഷ്ടയല്ല. നഷ്ടപ്പെട്ട സന്തുലിതാവസ്ഥ തിരികെ കൊണ്ടുവരാനായി ഈശ്വരനെ പ്രീതിപ്പെടുത്താന്‍ പിതാമഹന്മാര്‍ ചെയ്തിരുന്ന പോലെ മതപരമായ ചടങ്ങുകള്‍ നടത്തുക മാത്രമാണ് ഞങ്ങളും ചെയ്യുന്നത്.” ലളിതാ യാദവ് പറയുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഛത്തര്‍പൂര്‍ പ്രദേശത്ത് കടുത്ത വരള്‍ച്ചയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. വേനലില്‍ ജലക്ഷാമം രൂക്ഷമാകുന്നതോടെ ആയിരങ്ങളാണ് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്. ഇതിനിടെയാണ് ക്രിയാത്മക പ്രശ്‌നപരിഹാരത്തിനു പകരം വിചിത്രമായ ആചാരങ്ങളുമായി ഛത്തര്‍പൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി തന്നെ മുന്നോട്ടു വന്നിരിക്കുന്നതെന്നാണ് ആരോപണം.