ഭോപ്പാല്‍: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ അംഗത്വമെടുത്ത ജ്യോതിരാദിത്യ സിന്ധ്യയെ ഭോപ്പാലിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഉയര്‍ത്തിയ പോസ്റ്ററുകളില്‍ മഷിയൊഴിച്ച് പ്രതിഷേധം. പോസ്റ്റര്‍ ചിലര്‍ വലിച്ചുകീറുകയും ചെയ്തിട്ടുണ്ട്. ഭോപ്പാലിലെ ചൗഹാര പോളിടെക്‌നിക്കിന് പുറത്ത് ഉയര്‍ത്തിയ പോസ്റ്ററിലാണ് ചിലര്‍ മഷിയൊഴിച്ചത്. സിന്ധ്യക്കെതിരെ വലിയ പ്രതിഷേധം മേഖലകളില്‍ പലയിടത്തും ഉയരുന്നുണ്ട്.
ഭോപ്പാലിലെ ബി.ജെ.പി ആസ്ഥാനത്തും സിന്ധ്യയെ സ്വാഗതം ചെയ്തുകൊണ്ട് പോസ്റ്റര്‍ ഉയര്‍ന്നിട്ടുണ്ട്. സിന്ധ്യയ്ക്ക് വന്‍ വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ് മധ്യപ്രദേശ് പാര്‍ട്ടി നേതൃത്വം.
അതേസമയം ദല്‍ഹിയില്‍ ഇന്ന് രാവിലെ കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി സിന്ധ്യ കൂടിക്കാഴ്ച നടത്തി. രാജ്‌നാഥ് സിങ്ങിന്റെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടന്നത്. അതേസമയം സിന്ധ്യയുടെ പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായോ പ്രധാനമന്ത്രി നരേന്ദ്രമോദിയോ ഇതുവരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.
കോണ്‍ഗ്രസ് വിട്ട് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് മധ്യപ്രദേശിലെ ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയതായ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ന്യൂനപക്ഷമായ കമല്‍നാഥ് സര്‍ക്കാര്‍ വീണാല്‍ ലഭിച്ചേക്കാവുന്ന മുഖ്യമന്ത്രി സ്ഥാനം നോട്ടമിട്ടിരിക്കുകയാണ് ബി.ജെ.പി നേതാക്കള്‍. സംസ്ഥാനത്തെ പുതിയ രാഷ്ട്രീയസംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ബി.ജെ.പി നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനായി യോഗം ചേര്‍ന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണനയിലുള്ള പേര് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റേതാണ്. എന്നാല്‍ ചൗഹാനെതിരെ ഒരുവിഭാഗം നേതാക്കളും രംഗത്തുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ