ഇന്‍ഡോര്‍: എട്ടുമാസം പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതിക്ക് മുന്നില്‍ വച്ച് ജനക്കൂട്ടം മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസം റിമാന്റിലായ നവീന്‍ ഗഡ്ജിനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ജനക്കൂട്ടം കൈയേറ്റം ചെയ്തത്. പ്രതിക്ക് കാര്യമായ പരിക്കുകളേറ്റിട്ടില്ലെന്ന് പൊലീസ് സൂപ്രണ്ട് ബി.പി.എസ് പരിഹാര്‍ അറിയിച്ചു.
“പ്രതിയെ സുരക്ഷിതമായി കോടതിയിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് നന്നേ ബുദ്ധിമുട്ടേണ്ടി വന്നു. കോടതിയിലേക്ക് കൊണ്ടു പോവും വഴി ഒരു കൂട്ടം ആളുകള്‍ അയാളെ ആക്രമിക്കുകയും തല്ലുകയും ചെയ്തു. തിരിച്ച് കൊണ്ടുവരുമ്പോള്‍ വീണ്ടും ആക്രമിക്കപ്പെട്ടു. ചില സ്ത്രീകള്‍ ചെരുപ്പെടുത്ത് അയാളുടെ മുഖത്തടിച്ചു. പക്ഷേ പ്രതിക്ക് കാര്യമായ പരിക്കേറ്റിട്ടില്ല.” – പരിഹാര്‍ പറഞ്ഞു.
അതേസമയം, പ്രതിക്ക് വേണ്ടി ഒരു അഭിഭാഷകരും ഹാജരാവരുതെന്ന് മധ്യപ്രദേശ് ബാര്‍ കൗണ്‍സില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുക്കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നതിനാണ് നവീന്‍ ഗഡ്ജ് അറസ്റ്റിലായത്. ബലൂണ്‍ വില്‍പ്പനക്കാരായ മാതാപിതാക്കളോടൊപ്പം തെരുവില്‍ കിടന്നുറങ്ങിയിരുന്ന കുഞ്ഞിനെ തട്ടിയെടുത്ത ശേഷം 50 മീറ്റര്‍ അകലെയുള്ള കടയുടെ ബേസ്മെന്റില്‍ വച്ചാണ് പീഡനത്തിന് ഇരയാക്കിയത്. കുട്ടിയെ തട്ടിയെടുത്ത പ്രതിയുടെ ദൃശ്യങ്ങള്‍ സി.സി ടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
കുഞ്ഞിനെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കടയുടെ ബേസ്മെന്റില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ തലയിലും സ്വകാര്യഭാഗങ്ങളിലും ഗുരുതരമായി മുറിവേറ്റ നിലയിലായിരുന്നു.