ഭോപ്പാല്‍: മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ ഗോവധം ആരോപിച്ച് രണ്ട് പേരുടെ വീടുകള്‍ ബുധനാഴ്ച അധികൃതര്‍ ബുള്‍ഡോസര്‍ ചെയ്തതായി റിപ്പോര്‍ട്ട്. എ.എന്‍.ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
അനധികൃത നിര്‍മാണമായത് കൊണ്ടാണ് വീടുകള്‍ പൊളിച്ച് മാറ്റിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇന്ത്യന്‍ നിയമത്തില്‍ ശിക്ഷാ നടപടിയായി സ്വത്തുക്കള്‍ നശിപ്പിക്കാന്‍ വ്യവസ്ഥകളൊന്നുമില്ലെങ്കിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വീടുകള്‍ പൊളിച്ച് മാറ്റുന്നത് സാധാരണ കാര്യമായി മാറിയിരിക്കുകയാണ്.
അനിപാല്‍ ഗുര്‍ജാര്‍ എന്നയാളുടെ പരാതിയിലാണ് വെള്ളിയാഴ്ച പൊലീസ് ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തത്. മൊറേനയിലെ നൂറാബാദ് ഗ്രാമത്തില്‍ ഏതാനും പേര്‍ പശുവിനെ അറക്കുന്നത് താന്‍ കണ്ടെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. തടയാന്‍ ശ്രമിച്ചപ്പോള്‍ സംഘം തന്നെ ആക്രമിച്ചെന്നും ഇയാള്‍ അവകാശപ്പെട്ടു.
വെള്ളിയാഴ്ച വൈകുന്നേരം കശാപ്പ് നടന്നതായി പറയപ്പെടുന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വീട്ടില്‍ നിന്ന് പശുവിന്റെ തോലും രണ്ട് ചാക്ക് എല്ലുകളും മാംസവും ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. ഗോഹത്യയുടെ പേരില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ പ്രായപൂര്‍ത്തി ആകാത്ത ഒരാള്‍ ഉള്ളതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മധ്യപ്രദേശ് ഗോവധ വിരുദ്ധ നിയമം, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കലാപത്തിനും ആക്രമണത്തിനും ആഹ്വാനം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തത്.
അറസ്റ്റിന് പിന്നാലെ ഇവരുടെ ഗ്രാമത്തില്‍ ജില്ലാ ഭരണകൂടം സര്‍വെ നടത്തുകയായിരുന്നു. തുടര്‍ന്ന് ഒരു സംഘമെത്തി ഇവരുടെ വീടുകള്‍ പൊളിച്ച് മാറ്റിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ബീഫും മൃഗത്തോലും കന്നുകാലികളുടെ അസ്ഥികൂടവും കണ്ടെത്തിയെന്ന് പറഞ്ഞ് മണ്ഡ്‌ല ജില്ലയില്‍ പതിനൊന്ന് വീടുകള്‍ തകര്‍ത്ത് ദിവസങ്ങള്‍ തികയുന്നതിന് മുമ്പാണ് മധ്യപ്രദേശിൽ അടുത്ത പൊളിക്കല്‍ നടന്നത്.
Content Highlight: Madhya Pradesh: Houses of two men accused of cow slaughter bulldozed