| Wednesday, 26th October 2022, 2:40 pm

അക്കാലത്തെ എഞ്ചിനിയര്‍മാര്‍ നിര്‍മിച്ചതാണ് രാമ സേതു, സത്യമെന്താണെന്ന് മനസിലാക്കാന്‍ സിനിമ കാണൂ: അക്ഷയ് കുമാര്‍ ചിത്രത്തെ പ്രകീര്‍ത്തിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പുതിയ ചിത്രം രാം സേതുവിനെ പ്രകീര്‍ത്തിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. രാമ സേതുവും ഭഗവാന്‍ രാമനും രാമായണവും വെറും ഭാവനാ സൃഷ്ടികളാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് ഈ സിനിമ കണ്ടാല്‍ സത്യമെന്താണെന്ന് മനസിലാവുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അക്ഷയ് കുമാറിനും സിനിമയുടെ ടീമിനും നന്ദി പറഞ്ഞ നരോത്തം മിശ്ര എല്ലാവരും സിനിമ കാണണമെന്നും ആഹ്വാനം ചെയ്തു.

‘ഈ സിനിമ അത്ഭുതകരവും ഭാവനകള്‍ക്ക് അപ്പുറവുമാണ്. രാമ സേതുവിനെ കുറിച്ചുള്ള മിഥ്യകളും തെറ്റിധാരണകളും ഈ സിനിമ പൊളിച്ചെഴുതുന്നു. പ്രത്യേകിച്ചും രാമ സേതുവും ഭഗവാന്‍ രാമനും രാമായണവും വെറും ഭാവനാ സൃഷ്ടികളാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് ഈ സിനിമ കണ്ടാല്‍ സത്യമെന്താണെന്ന് മനസിലാവും.

ആ സമയത്തെ ആളുകള്‍ നിര്‍മിച്ചതാണ് രാമ സേതു. അക്കാലത്തെ എഞ്ചിനിയര്‍മാര്‍ മികച്ച വൈദഗ്ദ്യമുള്ളവരാണ്. രാമ സേതു എന്തുകൊണ്ട് പരിപാലിക്കണമെന്ന് ഈ ലോകം മുഴുവനും മനസിലാക്കും. എല്ലാവരും ഈ സിനിമ കാണണം.

രാമ സേതു എന്ന സിനിമയിലൂടെ ഇന്ത്യയുടെ സ്വത്വത്തിലേക്ക് ആധികാരികവും യുക്തിപരവുമായ ഒരു അധ്യായം കൂടി എഴുതിച്ചേര്‍ക്കാന്‍ അക്ഷയ് കുമാര്‍ജിയും സിനിമയുടെ മുഴുവന്‍ ടീമും എടുത്ത ആദരണീയമായ പരിശ്രമത്തിന് നന്ദി,’ നരോത്തം മിശ്ര ട്വീറ്റ് ചെയ്തു.

ഒക്ടോബര്‍ 25നാണ് രാം സേതു റിലീസ് ചെയ്തത്. രാം സേതു നിര്‍മിതമാണോ അതോ പ്രകൃത്യാലുള്ളതാണോ എന്ന് പരിശോധിക്കാന്‍ പുറപ്പെടുന്ന ശാസ്ത്ര സംഘത്തിലൂടെയാണ് സിനിമ മുന്നേറുന്നത്.

അഭിഷേക് ശര്‍മ സംവിധാനം ചെയ്ത ചിത്രത്തില്‍ നുഷ്രത്ത് ബറൂച്ച, ജാക്വലിന്‍ ഫെര്‍ണണ്ടസ്, സത്യദേവ് കാഞ്ചാരണ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Madhya Pradesh Home Minister Narottam Mishra praises Bollywood actor Akshay Kumar’s new film Ram Sethu

We use cookies to give you the best possible experience. Learn more