ഭോപ്പാല്‍: ബലാത്സംഗക്കേസിലെ പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ 20 വര്‍ഷമായി കുറച്ച് മധ്യപ്രദേശ് ഹൈക്കോടതി. അതിക്രമണത്തിനിരയായ നാല് വയസുകാരിയെ ‘ജീവനോടെ വിടാന്‍ ദയ കാണിച്ചെന്ന്’ വിലയിരുത്തിയാണ് കോടതി ശിക്ഷയില്‍ ഇളവ് വരുത്തിയത്. ജസ്റ്റിസ് സുബോധ് അഭ്യങ്കര്‍, സത്യേന്ദ്ര കുമാര്‍ സിങ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
കേസില്‍ കുറ്റക്കാരനാണെന്ന് വിധിച്ച വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്ത് ബലാത്സംഗക്കേസിലെ പ്രതി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഒരു രൂപ നല്‍കാമെന്ന് പറഞ്ഞ് പ്രതി തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ അയല്‍വാസിയായിരുന്നു പ്രതി.
കേസില്‍ വിശദമായ തെളിവുകള്‍ കണ്ടെത്തിയതിന് ശേഷമായിരുന്നു വിചാരണക്കോടതി പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നത്. ഇത് ശരിവെച്ച ശേഷമാണ് ഹൈക്കോടതി ശിക്ഷ വെട്ടിക്കുറച്ചത്.
‘പ്രതിയുടെ ശിക്ഷ കുറയ്ക്കാവുന്ന ഒരു ഉചിതമായ കേസായി ഇതിനെ കോടതി കാണുന്നില്ല, എന്നിരുന്നാലും, ഇരയായ പെണ്‍കുട്ടിയെ ജീവനോടെ വിടാന്‍ പ്രതി ദയ കാണിച്ചുവെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, ജീവപര്യന്തം തടവ് 20 വര്‍ഷത്തെ കഠിന തടവായി കുറയ്ക്കാമെന്നാണ് കോടതിയുടെ അഭിപ്രായം,’ വിധി പ്രസ്താവത്തില്‍ പറഞ്ഞു.
CONTENT HIGHLIGHTS: Madhya Pradesh High Court reduces rape accused’s life sentence to 20 years