| Monday, 27th April 2020, 12:04 pm

'മാസ്‌കുമില്ല, അകലവും പാലിച്ചില്ല'; കൊവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി മധ്യപ്രദേശ് ആരോഗ്യമന്ത്രിക്ക് സ്വീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: കൊവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ച് മധ്യപ്രദേശ് ആരോഗ്യമന്ത്രി നരോത്തം മിശ്ര. മാസ്‌ക് ധരിക്കാതെ വീട്ടിലേക്കെത്തിയ മന്ത്രി സാമൂഹിക അകലവും പാലിച്ചില്ല.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ആരോഗ്യവകുപ്പ് മന്ത്രി തന്നെ നിര്‍ദേശങ്ങള്‍ ലംഘിച്ച് വീട്ടിലേക്കെത്തുകയും യാതൊരു മുന്‍ കരുതലുകളുമില്ലാതെ അദ്ദേഹത്തെ വീട്ടുകാര്‍ സ്വീകരിക്കന്നതും ദൃശ്യങ്ങളില്‍ കാണാം.

നരോത്തം മിശ്രയെ സ്വീകിരിക്കുന്ന ദൃശ്യങ്ങളില്‍ അദ്ദേഹത്തെ പിന്തുണക്കുന്നവരെയും കാണാം. ഇവരും സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്തിട്ടില്ല.

കൊവിഡ് നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ ആരോഗ്യമന്ത്രി തന്നെ അത് തെറ്റിക്കുന്നതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.

മാര്‍ച്ച് 23ന് മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ അധികാരത്തിലേറി ഒരു മാസമാകുമ്പോഴാണ് ആരോഗ്യ വകുപ്പ് ഉള്‍പ്പെടെ അഞ്ചു വകുപ്പുകളില്‍ അധികാരമേല്‍ക്കുന്നത്. കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ആരോഗ്യമന്ത്രി ഇല്ലാതിരുന്നത് രോഗവ്യാപനം വര്‍ധിക്കുന്നതിന് കാരണമായെന്ന് വിമര്‍ശനങ്ങളുണ്ടായിരുന്നു.

ഏപ്രില്‍ 21നാണ് നരോത്തം മിശ്ര മധ്യപ്രദേശിന്റെ ആരോഗ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. ചൗഹാന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് അടുത്ത ദിവസമാണ് പ്രധാനമന്ത്രി രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്.

മധ്യപ്രദേശില്‍ ഇതുവരെ 2090 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 99 പേര്‍ മരിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more