| Thursday, 20th September 2018, 7:35 am

പി.എം.എ.വൈ വീടുകളില്‍ നിന്ന് മോദിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണം; മധ്യപ്രദേശ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗ്വാളിയോര്‍: മധ്യപ്രദേശില്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മ്മിച്ച വീടുകളില്‍ നിന്ന് നരേന്ദ്രമോദിയുടെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെയും ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്.

സംസ്ഥാന ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബെഞ്ചിന്റെതാണ് ഈ സുപ്രധാന ഉത്തരവ്. സഞ്ജയ് യാദവ്, വിവേക് അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

സര്‍ക്കാര്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളില്‍ നേതാക്കന്‍മാരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ നേരത്തേയും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച പൊതു താല്പര്യ ഹരജിയിന്‍മേലാണ് കോടതി നടപടി.


അഭ്യൂഹങ്ങള്‍ കാരണം സ്വാതന്ത്ര്യം ഇല്ലാതാക്കാനാവില്ല; ആക്ടിവിസ്റ്റുകളുടെ അറസ്റ്റില്‍ സുപ്രീം കോടതി


അതേസമയം വീടുകളില്‍ നിന്ന് നേതാക്കന്‍മാരുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് കോടതി നേരത്തേ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നതാണ്. നേതാക്കന്‍മാരുടെ ചിത്രങ്ങള്‍ക്ക് പകരം പദ്ധതിയുടെ ലോഗോ ഉപയോഗിക്കാമെന്നായിരുന്നു കോടതി നിര്‍ദ്ദേശം.

വീടുകളില്‍ നിന്ന് എല്ലാ ചിത്രങ്ങളും ഒഴിവാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

അതേസമയം വരുന്ന പൊതു തെരഞ്ഞെടുപ്പ് നേരില്‍ക്കണ്ട് ജനങ്ങളെ സ്വാധീനിക്കാനാണ് സര്‍ക്കാരിന്റെ ഇത്തരം ശ്രമങ്ങളെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.

We use cookies to give you the best possible experience. Learn more