ഭോപ്പാല്‍:ഖാര്‍ഗോണ്‍ നഗരത്തിലെ രാമനവമി ആഘോഷത്തിനിടെ വര്‍ഗീയ കലാപം നടത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ നടപടിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍. രണ്ടംഗ ക്ലെയിം ട്രൈബ്യൂണല്‍ രൂപീകരിച്ചു. ട്രൈബ്യൂണല്‍ രൂപീകരിക്കുന്നതിനുള്ള ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിജ്ഞാപനമനുസരിച്ച്, നഗരത്തില്‍ നടന്ന അക്രമത്തിനിടെയുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ കേള്‍ക്കുന്നതിനായി പബ്ലിക്, പ്രൈവറ്റ് പ്രോപ്പര്‍ട്ടി റിക്കവറി ആക്റ്റ്-2021-ലെ വ്യവസ്ഥകള്‍ പ്രകാരമാണ് ട്രൈബ്യൂണല്‍ രൂപീകരിച്ചിരിക്കുന്നത്.
മുന്‍ ജില്ലാ ജഡ്ജി ഡോ. ശിവകുമാര്‍ മിശ്ര, മുന്‍ സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടറി പ്രഭാത് പരാശവര്‍ എന്നിവര്‍ അടങ്ങുന്ന ട്രൈബ്യൂണാലാണ് രൂപീകരിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കേസുകളില്‍ ഉള്‍പ്പെട്ട കലാപകാരികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നത് ട്രൈബ്യൂണല്‍ ഉറപ്പാക്കും.
ഖാര്‍ഗോണില്‍ നടന്ന അക്രമത്തിന് ശേഷം, നഷ്ടം വിലയിരുത്തുന്നതിനും കലാപകാരികളില്‍ നിന്ന് നാശനഷ്ടങ്ങള്‍ വീണ്ടെടുക്കുന്നതിനുമായി ട്രൈബ്യൂണല്‍ രൂപീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചിരുന്നു.
ഞായറാഴ്ചയായിരുന്നു മധ്യപ്രദേശിലെ ഖാര്‍ഗോണിലെ വിവിധ പ്രദേശങ്ങളില്‍ രാമനവമി ഘോഷയാത്രയ്ക്കിടെ സംഘര്‍ഷങ്ങളുണ്ടായത്. സംഘര്‍ഷത്തില്‍ ആക്രമികള്‍ പ്രദേശത്തെ 10 വീടുകള്‍ അഗ്നിക്കിരയാക്കിയതായാണ് റിപ്പോര്‍ട്ട്.
പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടവും പൊലീസും ചേര്‍ന്ന് രാമനവമി ഘോഷയാത്രയ്ക്ക് നേരെ ആക്രമണം നടത്തിയവരുടെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയിരുന്നു.
Content Highlights: Madhya Pradesh govt to seek compensation from rioters during Ram Navami celebrations