| Monday, 3rd June 2019, 10:10 pm

ഒ.ബി.സി സംവരണം 14 ശതമാനത്തില്‍ നിന്ന് 27 ആക്കി ഉയര്‍ത്താനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തില്‍ ക്രമാതീതമായ വര്‍ധനവ് വരുത്താനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. 14 ശതമാനത്തില്‍ നിന്നും 27 ശതമാനമാക്കി ഉയര്‍ത്താനുള്ള പ്രമേയത്തിന് മധ്യപ്രദേശ് മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി.

നിയസഭയുടെ മണ്‍സൂണ്‍ സെഷനില്‍ പ്രമേയം അവതരിപ്പിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. സംസ്ഥാനത്ത് പെന്‍ഷന്‍ പറ്റുന്നവര്‍ക്കും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മൂന്ന് ശതമാനം ഡിയര്‍നസ് അലവന്‍സും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനച്ചിട്ടുണ്ട്. ഏഴ് ലക്ഷത്തോളം ജോലിക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാവും എന്നാണ് കരുതുന്നത്.

ഇന്ത്യയിലെ ഭൂരിപക്ഷം ജനവിഭാഗങ്ങളും മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവരാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 27 ശതമാനം സംവരണമാണ് ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ടത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലെ ജനസംഖ്യ, ജാതി അനുപാതം എന്നിവയ്ക്കനുസരിച്ച് സംവരണ ശതമാനത്തിലും വ്യത്യാസമുണ്ട്.

കേരളത്തില്‍ മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് 40 ശതമാനം സംവരണമുണ്ട്. അതേസമയം, ഒ.ബി.സി വിഭാഗത്തില്‍ പെട്ടവര്‍ ഇല്ലാത്ത വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചിലതില്‍ ഒ.ബി.സിക്ക് സംവരണം ഇല്ല.

കഴിഞ്ഞ 15 വര്‍ഷമായി മധ്യപ്രദേശ് ഭരിച്ചിരുന്നത് ബി.ജെ.പി സര്‍ക്കാരായിരുന്നു. 2018 ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more