ഭോപ്പാല്‍: എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തില്‍ ബി.ജെ.പിയെക്കുറിച്ചും മോദിയെക്കുറിച്ചും പരാമര്‍ശമുള്ള ഭാഗങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് മാനവവിഭവശേഷി മന്ത്രാലയത്തിന് മധ്യപ്രദേശ് സര്‍ക്കാരിന്റെ കത്ത്. പന്ത്രണ്ടാം ക്ലാസ്സിലെ രാഷ്ട്രതന്ത്രം പാഠപുസ്തകത്തിലെ “സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയം” എന്ന ഭാഗത്തു ചേര്‍ത്തിട്ടുള്ള വിവരങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നു കാണിച്ചാണ് സര്‍ക്കാര്‍ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്.
ഹിന്ദുത്വ അജണ്ട നടപ്പില്‍ വരുത്താനായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയാണ് ബി.ജെ.പിയെന്നു പറയുന്ന പാഠഭാഗത്തില്‍ 2002ലെ ഗോധ്ര കലാപത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലായിരുന്ന ഗുജറാത്ത് സര്‍ക്കാരിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് നല്‍കിയ ” രാജധര്‍മം പിന്തുടരൂ” എന്ന ഉപദേശവും പാഠപുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.
Also Read: റെയില്‍വേ മന്ത്രി ചതിച്ചു; അന്ത്യോദയ എക്സ്പ്രസിന് ആലപ്പുഴയില്‍ സ്റ്റോപ്പില്ല
വിവാദപരമായ പരാമര്‍ശങ്ങളുള്ള പാഠഭാഗം തിരുത്തണമെന്നാവശ്യപ്പെട്ട് എന്‍.സി.ഇ.ആര്‍.ടിക്കും മാനവവിഭശേഷി മന്ത്രാലയത്തിനും എഴുതിയിട്ടുണ്ടെന്ന് സംസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദീപക് ജോഷി പറയുന്നു. ഗോധ്ര സംഭവവും അതിന്റെ അനന്തരഫലങ്ങളും തെറ്റായ രീതിയിലാണ് പുസ്തകത്തില്‍ വിവരിക്കുന്നതെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്. ഗോധ്ര കൂട്ടക്കൊലയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയാണ് വിജയിച്ചതെന്നും അദ്ദേഹം പറയുന്നു.
ഗോധ്രയില്‍ ട്രെയിനിനു തീവച്ച സംഭവത്തില്‍ 1,100 പേര്‍ മരിച്ചെന്നും, ഗുജറാത്ത് സര്‍ക്കാരിനോട് രാജധര്‍മം പിന്തുടരാന്‍ വാജ്‌പേയ് ആവശ്യപ്പെട്ടുവെന്നുമാണ് പാഠത്തില്‍ പറയുന്നത്. അടിയന്തരാവസ്ഥയെ പുകഴ്ത്തുന്ന പരാമര്‍ശങ്ങളും ഇതിലുണ്ടെന്ന് ജോഷി ആരോപിക്കുന്നു.
“യു.പി.എ സര്‍ക്കാരിന്റെ കാലത്ത് എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ വിവാദം സൃഷ്ടിക്കുന്ന പല പരാമര്‍ശങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. അവ ശ്രദ്ധയില്‍പ്പെട്ടപ്പോഴൊക്കെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും കുറേയൊക്കെ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ ചില ഉള്ളടക്കങ്ങള്‍ ഇപ്പോഴും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്” ബി.ജെ.പി. വക്താവ് ദീപക് വിജയ്‌വാര്‍ഗിയ പറയുന്നു.
എന്നാല്‍, സത്യം അംഗീകരിക്കാന്‍ ബി.ജെ.പി തയ്യാറാവണമെന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രതികരണം. “പ്രധാനമന്ത്രി മോദിയെപ്പറ്റി പാഠപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലെ സത്യാവസ്ഥ ബി.ജെ.പി അംഗീകരിക്കണം. പാഠഭാഗം പിന്‍വലിപ്പിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചേക്കും. എന്നാല്‍ അവരുടെ വര്‍ഗ്ഗീയതയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ബോധം ഇല്ലാതാക്കാന്‍ അവര്‍ക്കാവില്ല.” കോണ്‍ഗ്രസ്സ് വക്താവ് പങ്കജ് ചതുര്‍വേദി പറഞ്ഞു.