ഭോപ്പാല്‍: സംസ്ഥാനത്തെ മദ്രസകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍. സംസ്ഥാനത്ത് മതഭ്രാന്ത് പഠിപ്പിക്കുന്ന അനധികൃത മദ്രസകളും മറ്റ് സ്ഥാപനങ്ങളും നിരീക്ഷിക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ട്വിറ്ററിലൂടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു ശിവരാജ് സിങ് ചൗഹാന്റെ ട്വീറ്റ്. ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
‘സംസ്ഥാനത്ത് മതഭ്രാന്ത് പഠിപ്പിക്കുന്ന അനധികൃത മദ്രസകളും മറ്റ് സ്ഥാപനങ്ങളും നിരീക്ഷിക്കപ്പെടും. മതഭ്രാന്തും തീവ്രവാദവും അനുവദിക്കില്ല,’ ചൗഹാന്‍ ട്വീറ്റ് ചെയ്തു.
ജമാഅത്ത്-ഉള്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (JMB), പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ അപവാദ പ്രചരണങ്ങള്‍ നടത്തുന്നവരും നിരീക്ഷണ വലയത്തിലാകും.
ഈ വര്‍ഷം ആദ്യം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ ജമാഅത്ത്-ഉള്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മാഫിയ ഗ്യാങ്ങുകളെപ്പോലെയുള്ള ഒരു സംഘത്തെയും സംസ്ഥാനത്ത് പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്നും അവരെ തകര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന ഓണ്‍ലൈന്‍ ചൂതാട്ടത്തെക്കുറിച്ചും യോഗത്തിന് ശേഷം ചൗഹാന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു.
ഓണ്‍ലൈന്‍ ചൂതാട്ടം വര്‍ധിക്കുകയാണെന്നും ഇതൊരു വലിയ പ്രശ്‌നമാണെന്നും ചൗഹാന്‍ പറഞ്ഞു. ഓണ്‍ലൈന്‍ ചൂതാട്ടവുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ നിയമങ്ങള്‍ അപര്യാപ്തമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
‘1876ലെ ചൂതാട്ട വിരുദ്ധനിയമമാണ് ഇപ്പോഴും നിലവിലുള്ളത്. അത് അപര്യാപ്തമാണ്. ഓണ്‍ലൈന്‍ ചൂതാട്ടവുമായി ബന്ധപ്പെട്ട് ഒരു പുതിയ നിയമം, മധ്യപ്രദേശ് ചൂതാട്ട വിരുദ്ധ നിയമം 2023, കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്,’ ചൗഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: Madhya pradesh govt orders to review of illegal madrasas