മധ്യപ്രദേശ് മാ ഷാര്‍ദ ക്ഷേത്രത്തില്‍ മുസ്‌ലിം ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കവുമായി സര്‍ക്കാര്‍
national news
മധ്യപ്രദേശ് മാ ഷാര്‍ദ ക്ഷേത്രത്തില്‍ മുസ്‌ലിം ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കവുമായി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th April 2023, 4:51 pm

ഭോപ്പാല്‍: മധ്യപ്രദേശിലെ സാത്‌ന ജില്ലയിലെ മൈഹാറില്‍ സ്ഥിതി ചെയ്യുന്ന മാ ഷാര്‍ദ ക്ഷേത്രത്തില്‍ നിന്ന് മുസ്‌ലിം ജീവനക്കാരെ പിരിച്ചു വിട്ടു. മധ്യപ്രദേശ് സംസ്ഥാന മത ട്രസ്റ്റ് ആന്‍ഡ് എന്‍ഡോവ്‌മെന്റ് മന്ത്രാലയമാണ് പിരിച്ചുവിടാനുള്ള ഉത്തരവിറക്കിയത്.

മാ ഷാര്‍ദ ദേവി പ്രഭാന്ത് സമിതിയിലെ മുസ്‌ലിം ജീവനക്കാരെ പിരിച്ചുവിടുന്നതുമായി സംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജില്ലാ ഭരണകൂടത്തിന് മന്ത്രാലയം കത്ത് നല്‍കി.

ഏപ്രില്‍ അഞ്ചിനാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. എന്നാല്‍ സംഭവം സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പ്രചരിക്കപ്പെട്ടതോടെയാണ് ചര്‍ച്ചയായതെന്ന് സിയാസത് റിപ്പോര്‍ട്ട് ചെയ്തു്.

1988 മുതല്‍ പ്രവര്‍ത്തിക്കുന്ന രണ്ട് മുസ്‌ലിം ജീവനക്കാരാണ് ക്ഷേത്രത്തില്‍ ജോലി ചെയ്തിരുന്നതെന്ന് ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു.

ഇത് സംബന്ധിച്ച് നേരത്തെയും വിജ്ഞാപനം ഇറക്കിയിരുന്നെങ്കിലും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നു. അതുകൊണ്ട് നിര്‍ദേശങ്ങള്‍ പാലിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി തരണമെന്നും നിര്‍ദേശമുണ്ട്.

ക്ഷേത്രപരിസരത്ത് സ്ഥിതി ചെയ്യുന്ന എല്ലാ ഇറച്ചിക്കടകളും മദ്യശാലകളും നീക്കം ചെയ്യുമെന്നും വകുപ്പ് അറിയിച്ചു.

വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള വലതുപക്ഷ ഗ്രൂപ്പുകളുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെന്നാണ് സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കത്ത് കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ അത് ചര്‍ച്ചയ്ക്കായി ക്ഷേത്ര സമിതിക്ക് വിട്ടിരിക്കുകയാണ്. കമ്മിറ്റി എന്ത് തീരുമാനമെടുത്താലും അത് അന്തിമമായിരിക്കും,’ സമിതിയിലെ അംഗത്തെ ഉദ്ധരിച്ച് ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു.

content highlight: Madhya Pradesh Govt moves to dismiss Muslim employees at Maa Sharda Temple