ഭോപ്പാല്‍: പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്തുടനീളം അക്രമങ്ങളും കൊലപാതകങ്ങളും ആവര്‍ത്തിക്കുന്നതിന്റെ പശ്ചാത്തലത്തില്‍, നിയമങ്ങള്‍ കടുപ്പിച്ച് മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍. ഗോ സംരക്ഷണ നിയമ പ്രകാരം പശുവിനെ കശാപ്പ് ചെയ്യുന്ന ആളുകളെ ആക്രമിക്കുന്നവര്‍ക്കെതിരായ ശിക്ഷകളാണ് കടുപ്പിച്ചത്.
മധ്യപ്രദേശിലെ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയത്. ‘പശു സംരക്ഷണത്തിന്റെ പേരില്‍ ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ഉയര്‍ത്തി. അതിക്രമം ആവര്‍ത്തിക്കുകയാണെങ്കില്‍ ശിക്ഷാകാലം വീണ്ടും ഉയരും’, മൃഗസംരക്ഷണ വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ശ്രീവാസ്തവ പറഞ്ഞു.
കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. വസ്തുവകകള്‍ നശിപ്പിച്ചാലും പുതിയ നിയമത്തിന്‍ കീഴില്‍ ശിക്ഷിക്കപ്പെടുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
പശുമാംസം കൈയ്യില്‍വച്ചെന്നാരോപിച്ച് സെയോനി ജില്ലയില്‍ കഴിഞ്ഞ ദിവസം മുസ്ലീം ദമ്പതികളെ ആള്‍ക്കൂട്ടം ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയമത്തില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. കാര്‍ഷിക ആവശ്യത്തിനൂും മറ്റുമായി പശുക്കളെ ഫാമുകളിലേക്ക് വാഹനങ്ങളില്‍ കൊണ്ടുപോകുന്നതും വില്‍ക്കുന്നതും കുറ്റകൃത്യമായി കണക്കാക്കാന്‍ കഴിയില്ലെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുമ്പും തീരുമാനിച്ചിരുന്നു.