സത്‌ന: എങ്ങനെ വോട്ടുനേടാമെന്ന് മധ്യപ്രദേശിലെ ബി.ജെ.പി നേതാക്കളെ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഉപദേശിക്കുന്ന വീഡിയോ പുറത്ത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മധ്യപ്രദേശ് സന്ദര്‍ശനത്തിന് മുന്നോടിയായി ചിത്രകൂട് സന്ദര്‍ശനത്തിനിടെയായിരുന്നു ഗവര്‍ണറുടെ ഉപദേശം.
“ആവശ്യമുള്ള, പോഷകാഹാരക്കുറവുള്ള കുട്ടികളെ ദത്തെടുത്താലേ നിങ്ങള്‍ക്ക് വോട്ടുലഭിക്കൂ.” എന്നായിരുന്നു ഗവര്‍ണറുടെ ഉപദേശം.
“കാമ്പെയ്ന്‍ നടത്തൂ, മറ്റുള്ളവരോടും പറയൂ” എന്നും ഗവര്‍ണര്‍ സത്‌ന മേയര്‍ മംമ്ത പാണ്ഡെയോട് ആവശ്യപ്പെടുന്നുണ്ട്. ഇതിനകം തന്നെ തങ്ങള്‍ ഒരുപാട് കുട്ടികളെ ദത്തെടുത്തിട്ടുണ്ടെന്നാണ് മംമ്ത മറുപടി നല്‍കുന്നത്.
അപ്പോള്‍ “അങ്ങനെയൊന്നും വോട്ടുവരില്ല, ഗ്രാമങ്ങളില്‍ പോകൂ. അവര്‍ക്കൊപ്പം ഇരിക്കൂ, അവരോട് കരുണ കാണിക്കൂ, അപ്പോഴേ വോട്ടു കിട്ടൂ” എന്നും അവര്‍ ഉപദേശിക്കുന്നു. അപ്പോഴേ 2022നെക്കുറിച്ചുള്ള മോദിയുടെ സ്വപ്‌നം സഫലമാകൂവെന്നും അവര്‍ പറയുന്നു.
വീഡിയോ പുറത്തായതിനു പിന്നാലെ ബി.ജെ.പിക്കുവേണ്ടി ഗവര്‍ണര്‍ ഭരണഘടനാ പദവി ദുരുപയോഗം ചെയ്യുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഇതുസംബന്ധിച്ച് രാഷ്ട്രപതി ഭവനിലേക്ക് പരാതി അയക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.