കോടികളുടെ എസ്.സി-എസ്.ടി ഫണ്ടുകള്‍ പശുക്കള്‍ക്കും തീര്‍ത്ഥാടനത്തിനും വകമാറ്റി മധ്യപ്രദേശ് സര്‍ക്കാര്‍; റിപ്പോര്‍ട്ട്
national news
കോടികളുടെ എസ്.സി-എസ്.ടി ഫണ്ടുകള്‍ പശുക്കള്‍ക്കും തീര്‍ത്ഥാടനത്തിനും വകമാറ്റി മധ്യപ്രദേശ് സര്‍ക്കാര്‍; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th July 2024, 11:27 am

ഭോപ്പാല്‍: എസ്.സി-എസ്.ടി വിഭാഗത്തിന്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി വകയിരുത്തിയ ഫണ്ടില്‍ നിന്നും ഒരു ഭാഗം തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കും പശുസംരക്ഷണത്തിനുമായി വകമാറ്റി മധ്യപ്രദേശ് സര്‍ക്കാര്‍. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഇത് വ്യത്യസ്തമായ കാര്യമാണെന്നും എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്കും ഇതുവഴി ഫലം ലഭിക്കുമെന്ന് സംസ്ഥാന ധനവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘ബജറ്ററി സമ്പ്രദായത്തിന് കീഴില്‍ എസ്.സി-എസ്.ടി വിഭാഗത്തിനുള്ള സബ് പ്ലാന്‍ ആവശ്യാനുസാരം ജനറല്‍ സബ് പ്ലാനായി വകമാറ്റുന്നതില്‍ വിലക്കുകളൊന്നും തന്നെയില്ല,’ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിഷയത്തില്‍ പ്രതികരണം നടത്താന്‍ ധനമന്ത്രി ജഗ്ദീഷ് ദേവ്ഡ വിസമ്മതിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ റിപ്പോര്‍ട്ട് പ്രകാരം 252 കോടി രൂപയാണ് പശു സംരക്ഷണത്തിന് മാത്രമായി മോഹന്‍ യാദവ് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. എസ്.സി-എസ്.ടി സബ് പ്ലാനില്‍ നിന്നും ഇതിലേക്ക് 95.76 കോടിരൂപയാണ് വകമാറ്റിയിരിക്കുന്നത്. പശുസംരക്ഷണത്തിനായി കഴിഞ്ഞ വര്‍ഷം വകയിരുത്തിയതിനേക്കാള്‍ 90 കോടിയാണ് ഇത്തവണ നല്‍കിയിരിക്കുന്നത്.

ആറ് തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ നവീകരണത്തിനും എസ്.സി-എസ്.ടി ഫണ്ടുകള്‍ വകമാറ്റിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതിനായി ചെലവാക്കിയ ഫണ്ടുകള്‍ പകുതിയും എസ്.എസ്-എസ്.ടി ഫണ്ടില്‍ നിന്നും വകമാറ്റിയതാണ്.

ശ്രീ ദേവി മഹാലോക്, സേഹോറിലെ സല്‍കാന്‍പൂര്‍, ശ്രീ രവിദാസ് മഹാലോക്, സാഗര്‍, ശ്രീ രാം രാജ മഹാലോക്, ശ്രീ രാമചന്ദ്ര-വാരാണസി മഹാലോക്, ചിത്രകൂട് എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയിയുടെ സ്മാരകത്തിനുമായി ജൂലൈയില്‍ അവതരിപ്പിച്ച ബജറ്റില്‍ 109കോടി രൂപയാണ് വകയിരുത്തിയിരുന്നത്.

കര്‍ണാടകക്ക് ശേഷം എസ്.സി-എസ്.ടി ഫണ്ടുകള്‍ വകമാറ്റുന്ന രണ്ടാമത് സംസ്ഥാനമാണ് മധ്യപ്രദേശ്. ഈ മാസം ആദ്യമാണ് കര്‍ണാടക സര്‍ക്കാര്‍ ഫണ്ടുകള്‍ വകമാറ്റുന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.

വീടുകളില്‍ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്നതുള്‍പ്പെടയുള്ള ക്ഷേമപദ്ധതികള്‍ക്കായി 14,000 കോടിയാണ് കര്‍ണാടക വകമാറ്റിയിരുന്നത്. എന്നാല്‍ വിഷയത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ ഇടപെടുകയും കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

 

Content highlight: Madhya Pradesh government diverts crores of SC-ST funds to cows and pilgrimage; Report