ഇന്‍ഡോര്‍: സ്വയം പ്രഖ്യാപിത ആള്‍ദൈവവും ശിവരാജ് സിങ് ചൗഹാന്റെ ബി.ജെ.പി മന്ത്രിസഭയില്‍ സഹമന്ത്രിയുമായിരുന്ന നാംദേവ് ത്യാഗിയുടെ ആശ്രമം മധ്യപ്രദേശ് സര്‍ക്കാര്‍ പൊളിച്ചുമാറ്റി.
‘കമ്പ്യൂട്ടര്‍ ബാബ’ എന്നറിയപ്പെടുന്ന ഇയാളുടെ ആശ്രമം അനധികൃത കയ്യേറ്റം ആരോപിച്ചാണ് പൊളിച്ചുമാറ്റിയത്. നാംദേവിനെയും ആശ്രമത്തിലെ പ്രധാനികളായ ആറുപേരെയും അറസ്റ്റു ചെയ്തതിനു പിന്നാലെയായിരുന്നു ആശ്രമം പൊളിച്ചുമാറ്റിയത്.
40 ഏക്കറോളം വരുന്ന സ്ഥലത്താണ് ആശ്രമം. ഇതില്‍ ആശ്രമത്തിനു സമീപമുള്ള രണ്ട് ഏക്കറോളം സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത കയ്യേറ്റവും നിര്‍മാണവും നടത്തിയതിനെ തുടര്‍ന്നാണ് പൊളിച്ചുമാറ്റിയതെന്നാണ് അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് (എ.ഡി.എം) അജയ് ദേവ് ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞത്.
പല തവണയായി റവന്യൂ വിഭാഗം ആശ്രമം അധികൃതര്‍ക്ക് കയ്യേറ്റം ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെന്നും എന്നാല്‍ ആശ്രമത്തിലുള്ളവര്‍ നിരന്തരം ഇത് അവഗണിക്കുകയായിരുന്നെന്നും റവന്യൂ അധികൃതര്‍ പറഞ്ഞു.
കമ്പ്യൂട്ടര്‍ ബാബ അടക്കം അഞ്ച് സന്ന്യാസിമാര്‍ക്ക് കഴിഞ്ഞ ബി.ജെ.പി സര്‍ക്കാര്‍ മന്ത്രി പദവി നല്‍കിയിരുന്നു. നര്‍മദാ നദിയുടെ നവീകരണവുമായി ബന്ധപ്പെട്ട ചുമതലകളായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ചുമതലയേറ്റ് ആറ് മാസം കൊണ്ട് പദവി രാജിവെച്ച ബാബ ഡിസംബറില്‍ തന്നെ പരസ്യമായി കോണ്‍ഗ്രസിന് വേണ്ടി പ്രചരണത്തിനിറങ്ങിയിരുന്നു.
പിന്നീട് കമല്‍നാഥ് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന നദി സംരക്ഷണ ട്രസ്റ്റിന്റെ ചെയര്‍മാനായി.
തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരസ്യപിന്തുണയും ‘കമ്പ്യൂട്ടര്‍ ബാബ’ പ്രഖ്യാപിച്ചിരുന്നു. അതേസമയം ആശ്രമം പൊളിച്ചുമാറ്റിയ സ്ഥലത്ത് സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ഗോശാല പണിയാനാണ് തീരുമാനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക