ഭോപാല്‍: വോട്ടിംങ് യന്ത്രത്തിലുള്ള സംശയങ്ങള്‍ ഇല്ലാതാക്കാന്‍ വശദമായ അന്വേഷണം നടത്തുമെന്ന് നിയുക്ത മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. മധ്യപ്രദേശിന്റെ യഥാര്‍ഥ ജനഹിതമല്ല ഫലപ്രഖ്യാപനത്തില്‍ പ്രതിഫലിച്ചതെന്നും കമല്‍നാഥ് പറഞ്ഞു.
“തെരഞ്ഞെടുപ്പില്‍ നേരിയ ജയം നേടിയെങ്കിലും വോട്ടുയന്ത്രത്തിന്റെയും വിവിപാറ്റിന്റെയും കാര്യത്തില്‍ സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തും. വോട്ടുയന്ത്രത്തെക്കുറിച്ച് വ്യാപക പരാതിയാണുയര്‍ന്നത്” കമല്‍നാഥ് പറഞ്ഞു.
ജനങ്ങള്‍ ചെയ്ത വോട്ടിന്റെ ഫലമല്ല പ്രഖ്യാപനത്തില്‍ കണ്ടതെന്ന് പ്രദേശവാസികള്‍ ഒന്നടങ്കം പറയുന്നു. ഇക്കാര്യത്തില്‍ സ്വതന്ത്ര ഏജന്‍സിയെ വെച്ച് അന്വേഷിക്കുമെന്നും റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് വേണ്ട നടപടി കൈക്കൊള്ളുമെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ടിംങ് യന്ത്രത്തില്‍ ക്രിതൃമം ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന ഭോപ്പാലിലെ സ്‌ട്രോങ് റൂമില്‍ ഒരു മണിക്കൂറോളം സി.സി.ടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നത് നേരത്തെ ഏറെ വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും എ.എ.പിയും രംഗത്തുവന്നിരുന്നു.
8.19 മുതല്‍ 9.35 വരെ ഭോപ്പാലിലെ സ്‌ട്രോങ് റൂമിന് പുറത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായെന്നാണ് കളക്ടര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
മധ്യപ്രദേശ് മുന്‍ ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലെ വോട്ടിങ് മെഷീനുകള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം സ്‌ട്രോങ് റൂമില്‍ എത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.
മധ്യപ്രദേശിലേയും ഛത്തീസ്ഗഢിലേയും വോട്ടിങ് മെഷീനുകളെ സംബന്ധിച്ചുള്ള സുരക്ഷാ ആശങ്കകള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് പ്രതിനിധി സംഘം നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുകയും ചെയ്തിരുന്നു.
വോട്ടിങ് നടക്കുന്ന വേളയില്‍ തന്നെ പല ഇ.വി.എമ്മുകളും പ്രവര്‍ത്തന രഹിതമായിരുന്നു. തെരഞ്ഞെടുപ്പില്‍ വ്യാപക അട്ടിമറി നടന്നെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.