| Monday, 16th March 2020, 8:57 am

മധ്യപ്രദേശില്‍ ഇനിയെന്ത്? സ്പീക്കറുടെ തീരുമാനത്തിലേക്ക് കണ്ണുനട്ട് ഭരണ-പ്രതിപക്ഷം; തീരുമാനം ഇന്നറിയാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് പിന്നാലെ കമല്‍ നാഥ് സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന്. തിങ്കളാഴ്ച 11 മണിക്ക് വിശ്വാസ വോട്ട് തേടണമെന്ന് കമല്‍നാഥിനോട് ഗവര്‍ണര്‍ ശനിയാഴ്ച അര്‍ധ രാത്രി ആവശ്യപ്പെട്ടിരുന്നു. എല്ലാ കണ്ണുകളും സ്പീക്കര്‍ നര്‍മദാ പ്രസാദിലേക്ക് നീളുകയാണ്.

കൈ ഉയര്‍ത്തി വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് ഗവര്‍ണര്‍ ഞായറാഴ്ച രാത്രി കമല്‍നാഥിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, മധ്യപ്രദേശില്‍ രണ്ട് എം.എല്‍.എമാര്‍ കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ വിശ്വാസ വോട്ടെടുപ്പ് ഇന്നുണ്ടാകുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കൊവിഡ് ബാധയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഇവരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവരുടെ പരിശോധനാ ഫലങ്ങള്‍ വന്നിട്ടില്ല.

തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന നിയമസഭ കൊവിഡ് ഭീതിമൂലം നിര്‍ത്തിവെക്കാന്‍ സാധ്യതയുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടയിലാണ് എം.എല്‍.എമാര്‍ക്ക് കൊവിഡ് സംശയിക്കുന്നതായി കോണ്‍ഗ്രസ് പറയുന്നത്.

അതേസമയം, ബി.ജെ.പി ഇതുവരെ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം നല്‍കിയിട്ടില്ല. ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പ് വിശ്വാസ വോട്ട് തേടാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജയ്പൂരില്‍ തങ്ങിയിരുന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഭോപ്പാലിലേക്ക് തിരികെ വന്നിരുന്നു. അവരെ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

സംസ്ഥാന ആരോഗ്യമന്ത്രി തരുണ്‍ ഭാനട്ട് അവരെ പരിശോധിക്കാനായി ഒരു സംഘം ഡോക്ടര്‍മാരെ ഹോട്ടലിലേക്ക് അയച്ചിരുന്നു.

ജയ്പൂരില്‍ നിന്നും മടങ്ങിയെത്തിയ എം.എല്‍.എമാരും ബംഗളൂരുവിലേക്കും ഹരിയാനയിലേക്കും പോയവരും കൊറോണ ടെസ്റ്റിന് വിധേയമാകണമെന്ന് മധ്യപ്രദേശിലെ പബ്ലിക് റിലേഷന്‍ മന്ത്രി പി.സി ശര്‍മ്മയും പറഞ്ഞു.

ജയ്പൂരിലും ഹരിയാനയിലും വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
കൊവിഡിനെ ലോകാരോഗ്യ സംഘടന ഒരു മഹാമാരിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും സ്‌കൂളുകളും, കോളേജുകളും താല്‍ക്കാലികമായി അടച്ചുപൂട്ടിയിട്ടുണ്ടെന്നും 20 ലധികം ആളുകളെ ശേഖരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more