| Monday, 25th March 2024, 11:12 am

സിന്ദൂരം ധരിക്കേണ്ടത് വിവാഹിതരായ ഹിന്ദു സ്ത്രീകളുടെ കടമയെന്ന് മധ്യപ്രദേശിലെ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: സിന്ദൂരം ധരിക്കുക എന്നത് വിവാഹിതരായ ഹിന്ദു സ്ത്രീകളുടെ കടമയാണെന്ന് മധ്യപ്രദേശിലെ ഇന്‍ഡോര്‍ കുടുംബ കോടതി. ഹിന്ദു വിവാഹ നിയമപ്രകാരം ഭര്‍ത്താവെന്ന നിലയിലുള്ള തന്റെ അവകാശങ്ങള്‍ പുനസ്ഥാപിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.

മാര്‍ച്ച് 1ന് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളതെന്ന് സ്‌ക്രോള്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍ഡോര്‍ കുടുംബ കോടതിയിലെ പ്രിന്‍സിപ്പള്‍ ജഡ്ജ് എന്‍.പി. സിങ്ങിന്റെ ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളത്.

2017ല്‍ വിവാഹിതരായ ദമ്പതികളില്‍ ഭാര്യ കോടതിയില്‍ വിവാഹമോചനം ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഇവരോട് ഭാര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങാനാണ് കോടതി ഉത്തരവിട്ടത്. ഇവര്‍ക്ക് അഞ്ച് വയസ്സുള്ള ഒരു മകനുമുണ്ട്. അഞ്ച് വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്.

ഭര്‍ത്താവ് തന്നെ സ്ത്രീധനത്തിന്റെ പേരില്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുണ്ടെന്ന് കാണിച്ചാണ് യുവതി വിവാഹ മോചനം ആവശ്യപ്പെട്ടത്. എന്നാല്‍ യുവതിയുടെ ആരോപണങ്ങള്‍ സംബന്ധിച്ച് പൊലീസില്‍ പരാതികളൊന്നും ഉണ്ടായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

മാത്രവുമല്ല യുവതിയാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ചതെന്നും യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചിട്ടില്ലെന്നും അവര്‍ സിന്ദൂരം ധരിച്ചിട്ടില്ല എന്നും കോടതി ഉത്തരവില്‍ പറയുന്നു. ഇക്കാരങ്ങളെല്ലാം ചൂണ്ടിക്കാട്ടി യുവതിയോട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

CONTENT HIGHLIGHTS: Madhya Pradesh court says it is the duty of married Hindu women to wear sindoor

We use cookies to give you the best possible experience. Learn more