വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം; ദമ്പതികളെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു, മൂത്രം കുടിപ്പിച്ചു
national news
വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം; ദമ്പതികളെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു, മൂത്രം കുടിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st August 2018, 12:38 pm

അലിദാസ്പൂര്‍(മധ്യപ്രദേശ്): വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം ചെയ്ത ദമ്പതികളെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോകുകയും ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയ ശേഷം മൂത്രം കുടിപ്പിച്ചതായും പരാതി.

21 കാരിയായ ആദിവാസി യുവതിയ്ക്കും 23 കാരനായ ആദിവാസി യുവാവിനുമെതിരെയായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ക്രൂരത. മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയിലെ ഹര്‍ദാസ്പൂരിലായിരുന്നു സംഭവം. ജൂലൈ 25 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചിലര്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചതിന് പിന്നാലെയാണ് വിഷയം പുറത്തറിയുന്നത്.

ഇക്കഴിഞ്ഞ മെയിലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം. വിവാഹത്തിന് പിന്നാലെ ഗുജറാത്തിലേക്ക് പോയ ദമ്പതികള്‍ കഴിഞ്ഞയാഴ്ചയാണ് അലിരാജ്പൂരില്‍ തിരിച്ചെത്തിയത്.


ഹനാന്റെ മുഖത്തെ ചിരി കണ്ടപ്പോള്‍ സന്തോഷം; ധൈര്യത്തോടെ മുന്നോട്ട് പോകാന്‍ ആവശ്യപ്പെട്ടു: പിണറായി


യുവാവിന്റെ അമ്മാവന്റെ വീട്ടില്‍ ഇവര്‍ താമസം തുടങ്ങിയതായി അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവിടെ എത്തി ഇവരെ തോക്കുകാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു.

ഇതിന് പിന്നാലെ അജ്ഞാതകേന്ദ്രത്തിലെത്തിച്ച ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയും യുവതിയുടെ മുടി മുറിച്ചുകളയുകയും മൂത്രം കുടിപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിന് ശേഷം ദമ്പതികള്‍ പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവന്‍മാര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രണയിച്ച് വിവാഹം ചെയ്തതിന്റെ ശിക്ഷയാണ് തങ്ങള്‍ക്ക് അവര്‍ നല്‍കിയതെന്നും പെണ്‍കുട്ടിയുടെ വീട്ടുകാരുമായി പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത ശേഷമാണ് നാട്ടില്‍ തിരിച്ചെത്തിയതെന്നും യുവാവ് പറഞ്ഞു.

70000 രൂപ ഞങ്ങള്‍ വീട്ടുകാരെ ഏല്‍പ്പിച്ചിരുന്നു. ആടുകളേയും മറ്റും വാങ്ങിച്ചുനല്‍കി. അത് അവര്‍ സ്വീകരിക്കുകയും ചെയ്തു. അതിന് ശേഷമായിരുന്നു ഈ ക്രൂരത തങ്ങളോട് കാണിച്ചതെന്നും ദമ്പതികള്‍ പൊലീസിനോട് പറഞ്ഞു.