| Wednesday, 24th July 2019, 11:54 pm

ആംആദ്മി പാര്‍ട്ടി മധ്യപ്രദേശ് കണ്‍വീനര്‍ അലോക് അഗര്‍വാളടക്കം 27 പേര്‍ പാര്‍ട്ടി പദവികളില്‍ നിന്നും രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ആംആദ്മി പാര്‍ട്ടിയുടെ മധ്യപ്രദേശ് കണ്‍വീനര്‍ അലോക് അഗര്‍വാളും ഭോപ്പാല്‍ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ നിന്നുള്ള 27 അംഗങ്ങളും പാര്‍ട്ടി പദവിയില്‍ നിന്നും രാജിവെച്ചു. ഇവര്‍ സംയുക്ത രാജി കത്ത് ആംആദ്മിയുടെ ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് കൈമാറി.

പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ അഗര്‍വാള്‍, 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ നിന്നും മത്സരിച്ചിരുന്നെങ്കിലും പരായപ്പെട്ടിരുന്നു. അതസമയം ദല്‍ഹിക്കും പഞ്ചാബിനും പുറമേ മധ്യപ്രദേശില്‍ പാര്‍ട്ടി വളര്‍ത്തുന്നതില്‍ ഇദ്ദേഹംവലിയ പങ്ക് വഹിച്ചിട്ടുണ്ട്.

കത്തില്‍ ദല്‍ഹി മന്ത്രിയും മധ്യപ്രദേശിന്റെ ചുമതലയുമുള്ള ഗോപാല്‍ റായിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം റായ് സംസ്ഥാനത്ത് സംഘടന വളര്‍ത്തുന്നതില്‍ തടസ്സം നില്‍ക്കുന്നുവെന്നാണ് കത്തിലെ പ്രധാന ആരോപണം.

മുന്‍പും റായ്‌ക്കെതിരെ പരാതി നല്‍കിയിരുന്നെങ്കിലും കെജ്‌രിവാള്‍ അത് തള്ളുകയായിരുന്നെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
എന്നാല്‍ റായിയോ ദേശീയ നേതൃത്വമോ ഇതുവരെയും രാജി കത്തിനോട് പ്രതികരിച്ചിട്ടില്ല.

‘ഗോപാല്‍ റായ് പ്രവര്‍ത്തകരെ കാര്യമായി ഒന്നും ചെയ്യാന്‍ അനുവദിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മധ്യപ്രദേശിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലേക്ക് ആകൃഷ്ടരായിരുന്നു. പിന്നാലെ സംഘടന ബലപ്പെടുത്തുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ മീറ്റിഗ് സംഘടിപ്പാക്കാന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചപ്പോള്‍ അത് റായ് വിസമ്മതിച്ചു. കൂടാതെ അഴിമതിക്കാരായ രണ്ട് ഭാരവാഹികളുമായി പ്രവര്‍ത്തിക്കാനും അദ്ദേഹം ഞങ്ങളെ നിര്‍ബന്ധിച്ചു, അതില്‍ ഒരാള്‍ ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിനെ പിന്തുണക്കുന്ന വ്യക്തായായിരുന്നുവെന്ന് അഗര്‍വാള്‍ ആരോപിക്കുന്നു.

രാജി കത്ത് കൈമാറിയ മെമ്പര്‍മാര്‍ പദവിയില്‍ നിന്ന് മാത്രമാണ് രാജിവെച്ചത്. ഇതുവരെയും പാര്‍ട്ടിയില്‍ നിന്നുള്ള അംഗത്വം ഉപേക്ഷിച്ചിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more