| Tuesday, 11th December 2018, 11:10 pm

മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മാറി മറിഞ്ഞ് ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും ഒരു പോലെ മുള്‍മുനയില്‍ നിര്‍ത്തിയ മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്. 12 മണി കഴിഞ്ഞാലെ ഫലപ്രഖ്യാപനത്തെക്കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനും ഛത്തിസ്ഗഡും പാര്‍ട്ടിക്കനുകൂലമാണെന്നും ദിഗ്വിജയ് സിങ്ങ് പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണിയെ എ.ഐ.സി.സി മധ്യപ്രദേശിലേക്ക് അയച്ചിട്ടുണ്ട്. മറ്റുള്ളവരുടെ പിന്തുണയില്ലാതെ മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷം നേടാനാവില്ലെന്ന് ഏകദേശം ഉറപ്പിച്ചതോടെയാണ് ആന്റണിയെ അങ്ങോട്ടേക്ക് അയക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

Read Also : ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗം, ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു; നരേന്ദ്ര മോദി

സര്‍ക്കാര്‍ രൂപവത്കരിക്കുകയാണെങ്കില്‍ തന്നെ കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ് വിജയ്സിങ് എന്നിവരില്‍ ആരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കണമെന്നാണ് ആന്റണിക്ക് മേലുള്ള പ്രധാന വെല്ലുവിളി.

കെ.സി.വേണുഗോപാലിനെ രാജസ്ഥാനിലേക്ക് അയച്ചതിന് പിന്നാലെയാണ് എ.കെ.ആന്റണിയെ മധ്യപ്രദേശിലേക്ക് അയച്ചത്. ഛത്തീസ്ഗഢിലേക്ക് മല്ലികാര്‍ജുന ഖാര്‍ഗയേയാണ് അയച്ചത്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപവത്കരണം അടക്കമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണ് ഇവരുടെ ചുമതല.

Read Also :ചാണകത്തില്‍ ചവിട്ടാതെ കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്ക് പോവാന്‍ വഴി തെളിഞ്ഞു; ബി.ജെ.പി തോല്‍വി ആഘോഷമാക്കി സോഷ്യല്‍ മീഡിയ

മധ്യപ്രദേശില്‍ നിലവില്‍ 113 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന കോണ്‍ഗ്രസിന് ഒരു സീറ്റുള്ള സമാജ് വാദി പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു സീറ്റുള്ള ബി.എസ്.പി നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ബി.എസ്.പി പിന്തുണക്കുമെന്നാണ് സൂചന. 116 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. ഒട്ടേറെ മണ്ഡലങ്ങളില്‍ ഇപ്പോഴും ആയിരം വോട്ടില്‍ താഴെയാണ് സ്ഥാനാര്‍ഥികളുടെ ലീഡ്.

മറ്റ് പല സംസ്ഥാനങ്ങളിലും ബി.ജെ.പി പ്രയോഗിച്ച് വിജയിച്ച കുതിരക്കച്ചവട രാഷ്ട്രീയം ഏറ്റവും ശക്തി കേന്ദ്രമെന്ന് വിലയിരുത്തപ്പെട്ടിരുന്ന മധ്യപ്രദേശിലും അവര്‍ പയറ്റുമോ എന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

ആറ് സീറ്റുകളില്‍ ലീഡ് ചെയ്യുന്ന സ്വതന്ത്രര്‍ ഉള്‍പ്പടെയുള്ളവരുടെ നിലപാടും നിര്‍ണായകമാവും.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമായ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞടുപ്പ് ഇപ്പോഴും അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്

Latest Stories

We use cookies to give you the best possible experience. Learn more