| Monday, 17th February 2020, 9:08 pm

പ്രിയങ്ക രാജ്യസഭയിലേക്ക്? മധ്യപ്രദേശില്‍ നിന്നും മത്സരിക്കണമെന്ന ആവശ്യവുമായി മുന്‍ കേന്ദ്രമന്ത്രിയുള്‍പ്പെടെയുള്ളവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയെ രാജ്യസഭയിലേക്ക് അയക്കാനുള്ള സജീവചര്‍ച്ചകള്‍ നടക്കുകയാണ് കോണ്‍ഗ്രസില്‍. പിന്നാലെ മധ്യപ്രദേശില്‍ നിന്നും പ്രിയങ്കയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നാല് കോണ്‍ഗ്രസ് നേതാക്കള്‍. അവര്‍ ഇക്കാര്യം നേതൃത്വത്തെ അറിയിച്ചു.

ഈ വര്‍ഷം ഏപ്രിലില്‍ സംസ്ഥാനത്ത് നിന്നുള്ള നാല് രാജ്യസഭ സീറ്റുകള്‍ ഒഴിയും. അതില്‍ ഒരു സീറ്റില്‍ നിലവില്‍ കോണ്‍ഗ്രസ് നേതാവ് ദിദ് വിജയ് സിങാണ്. മറ്റ് രണ്ട് സീറ്റുകള്‍ ബി.ജെ.പിയുടേതും.എന്നാല്‍ 2018 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിച്ചത് കൊണ്ട് തന്നെ മൂന്നില്‍ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസ് നേടാന്‍ സാധ്യതയുണ്ട്.

മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ യാദവ്, മന്ത്രിമാരായ സജ്ഞന്‍ സിംഗ് വര്‍മ, പി.സി ശര്‍മ, ജയ് വര്‍ധന്‍ സിംഗ്, എന്നിവരാണ് പ്രിയങ്ക മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

പ്രിയങ്കയെ ഛത്തിസ്ഗഡില്‍ നിന്നോ മധ്യപ്രദേശില്‍ നിന്നോ രാജ്യസഭയിലേക്ക് അയക്കാനുള്ള നീക്കമാണ് പാര്‍ട്ടിയില്‍ സജിവമായികൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന് മൂന്നില്‍ രണ്ടു ഭൂരിപക്ഷമുള്ള ഛത്തിസ്ഗഡില്‍ ഏപ്രിലില്‍ രണ്ടു സീറ്റുകള്‍ ഒഴിയും.

നിലവില്‍ കിഴക്കന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക സംസ്ഥാനത്തെ വിവിധ വിഷയങ്ങളില്‍ ഇടപെട്ട് സജീവമായി രംഗത്തുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more