അച്ചടക്കം നിലനിര്‍ത്തേണ്ടത് കമല്‍നാഥും സോണിയയും: പ്രതികരിച്ച് ദിഗ് വിജയ് സിങ്
madyapradesh
അച്ചടക്കം നിലനിര്‍ത്തേണ്ടത് കമല്‍നാഥും സോണിയയും: പ്രതികരിച്ച് ദിഗ് വിജയ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th September 2019, 9:47 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങും വനം വകുപ്പ് മന്ത്രി ഉമംഗ് സിങ്കാറും തമ്മിലുള്ള തര്‍ക്കം അവസാനിക്കുന്നില്ല. പാര്‍ട്ടിയിലെ അച്ചടക്കം സംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി കമല്‍നാഥിനും കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡണ്ട് സോണിയാഗാന്ധിക്കും വിട്ടുകൊടുത്തിരിക്കുകയാണ് ദിഗ് വിജയ് സിങ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കമല്‍നാഥ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും സംസ്ഥാനത്തെ പാര്‍ട്ടി കേന്ദ്രമായി മാറാനും ദിഗ് വിജയ് സിംഗ് ശ്രമിക്കുന്നെന്നാരോപിച്ച് ഉമംഗ് സിങ്കാര്‍ സോണിയാഗാന്ധിക്ക് കത്തയച്ചതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ പ്രശ്‌നം പരസ്യമായത്. പിന്നാലെ ദിഗ് വിജയ് സിങ് അനധികൃത ഖനനം നടത്തുണ്ടെന്നും മദ്യവില്‍പ്പന നടത്തുന്നുണ്ടെന്നും സിങ്കാര്‍ ആരോപിച്ചു.

‘വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഞാന്‍ കമല്‍നാഥിനോടും സോണിയാ ഗാന്ധിയോടും ആവശ്യപ്പെടുകയാണ്. എല്ലാ പാര്‍ട്ടിയിലും അച്ചടക്കം പാലിക്കപ്പെടണം. ആരെങ്കിലും അച്ചടക്ക ലംഘനം നടത്തുകയാണെങ്കില്‍ അവര്‍ക്കെതിരെ മുഖം നോക്കാതെ മറുപടിയെടുക്കണം’ എന്ന് ദിഗ് വിജയ് സിങ് പ്രതികരിച്ചു.

അതേസമയം തന്റെ പ്രവര്‍ത്തികളെ ന്യായീകരിച്ച് സിങ്കാര്‍ വ്യാഴാഴ്ച്ചയും ട്വീറ്റ് ചെയ്തിരുന്നു.

‘നിങ്ങളുടെ തത്ത്വങ്ങള്‍ അപകടത്തിലാവുമ്പോള്‍ പോരാടേണ്ടത് അത്യാവശ്യമാണ്, സത്യം എപ്പോഴും വിജയിക്കുന്നുവെന്നായിരുന്നു’ സിങ്കാറിന്റെ പോസ്റ്റ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ മുമ്പ് പലതവണ ഈ വരികള്‍ ഉപയോഗിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

സിങ്കാറും ദിഗ് വിജയ് സിങും തമ്മിലുള്ള കലഹം ഒഴിവാക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ദുബെയെ ധാറില്‍ നിന്ന് മാറ്റണമെന്ന സിങ്കാറിന്റെ ആവശ്യം അംഗീകരിക്കാന്‍ മുഖ്യമന്ത്രി കമല്‍ നാഥ് ശ്രമിച്ചിരുന്നു. ദുബെ ദിഗ് വിജയ് സിങിന്റെ സഹായിയാണെന്നാണ് സിങ്കാറിന്റെ ആരോപണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാര്‍ട്ടി അധ്യക്ഷനെ ചൊല്ലിയുള്ള ചര്‍ച്ച മധ്യപ്രദേശ് കോണ്‍ഗ്രസില്‍ മുറുകുന്നതിനിടയിലാണ് മറ്റ് ആഭ്യന്തര പ്രശ്‌നങ്ങളും രൂക്ഷമാവുന്നത്. കമല്‍നാഥാണ് ഒരേ സമയം മുഖ്യമന്ത്രി പദവിയും അധ്യക്ഷ പദവിയും വഹിക്കുന്നത്. ജ്യോതി രാദിത്യ സിന്ധ്യ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ കമല്‍നാഥും ദിഗ് വിജയ് സിങും സിന്ധ്യ അധ്യക്ഷനാവുന്നതില്‍ പരോക്ഷമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.