ഭോപാല്‍: മധ്യപ്രദേശില്‍ നടക്കുന്നത് ബി.ജെ.പിയുടെ മാഫിയാ രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കമല്‍ നാഥ്. ബി.ജെ.പിയുടെ പിന്തുണയുള്ള ആ മാഫിയക്കെതിരെയാണ് ഞങ്ങള്‍ നീക്കങ്ങള്‍ നടത്തുന്നത്. വിമത എം.എല്‍.എമാരാരും കോണ്‍ഗ്രസ് വിടാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും കമല്‍നാഥ് പറഞ്ഞു.
‘അവരങ്ങനെ ആഗ്രഹിക്കുന്നുണ്ടായിരുന്നെങ്കില്‍ സ്പീക്കര്‍ക്ക് നേരിട്ട് രാജിക്കത്ത് നല്‍കുമായിരുന്നു. അവരെ ബി.ജെ.പി അടിമകളാക്കി വെച്ചിരിക്കുകയല്ലെങ്കില്‍, അവര്‍ സ്വതന്ത്രരാണെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ മധ്യപ്രദേശിലേക്ക് വരാത്തത്? അവര്‍ ഭീഷണി നേരിടുന്നതുകൊണ്ടാണ് ഇപ്പോഴും റിസോര്‍ട്ടില്‍നിന്നും പുറത്തിറങ്ങാന്‍ കഴിയാത്തത്’, കമല്‍നാഥ് പറഞ്ഞു.
ദിഗ് വിജയ് സിങിനെ ബെംഗളൂരുവിലേക്ക് പറഞ്ഞയച്ചത് താനല്ലെന്നും കമല്‍ നാഥ് വ്യക്തമാക്കി. ‘അദ്ദേഹമൊരു രാജ്യസഭാ എം.പിയാണ്. എം.എല്‍.എമാരെപോയി കണ്ട് വോട്ട് ആവശ്യപ്പെടേണ്ടത് അദ്ദേഹത്തിന്റെ കടമയാണ്. ബി.ജെ.പി എം.എല്‍.എമാരോടടക്കം അദ്ദേഹം പിന്തുണ ആവശ്യപ്പെടും. എന്നിട്ടും എന്തുകൊണ്ടാണ് ദിഗ് വിജയ് സിങിനെ കുറ്റവാളിയെപ്പോലെ ചിത്രീകരിക്കുന്നത്?’, കമല്‍ നാഥ് ചോദിച്ചു.