ഭോപ്പാല്‍: സിദ്ധിയില്‍ ബി.ജെ.പി നേതാവ് മുഖത്തേക്ക് മൂത്രമൊഴിച്ച് അപമാനിച്ച ദളിത് വ്യക്തിയുടെ കാല്‍കഴുകി ആദരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഗോത്രവര്‍ഗ തൊഴിലാളിയായ ദശ്മത് റാവത്തിനെ തന്റെ വസതിയില്‍ എത്തിച്ചാണ് മുഖ്യമന്ത്രി ആദരിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ മുഖ്യമന്ത്രി തന്നെയാണ് പങ്കുവെച്ചത്.
ശിവരാജ് സിങ് ചൗഹാന്‍ ദശ്മതിന്റെ കാല്‍ കഴുകിച്ച് പുഷ്പ ഹാരമണിയിക്കുന്നതും, വസ്ത്രങ്ങളും ഭക്ഷണവും നല്‍കിയ ശേഷം ഗണപതിയുടെ വിഗ്രഹം കൈമാറുന്നതും വീഡിയോയിലുണ്ട്. സിദ്ധിയില്‍ നേരിട്ട അപമാനത്തിന് മുഖ്യമന്ത്രി അദ്ദേഹത്തോട് മാപ്പ് ചോദിച്ചു.
‘മനസ് ദുഖിക്കുന്നു ദശ്മത് ജി. ഇത് നിങ്ങളുടെ വേദന പങ്കിടാനുള്ള ശ്രമമാണ്. ഞാനും നിങ്ങളോട് ക്ഷമ ചോദിക്കുന്നു. എല്ലാ ജനങ്ങളും എനിക്ക് മുന്നില്‍ ദൈവസമാനരാണ്,’ ശിവരാജ് സിങ് ചൗഹാന്‍ ട്വീറ്റ് ചെയ്തു.
‘മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന് മുന്നില്‍ എല്ലാ ജനങ്ങളും ദൈവത്തിന് തുല്യരാണെന്ന് ജനങ്ങള്‍ അറിയാനാണ് ഈ വീഡിയോ പങ്കുവെക്കുന്നത്. ആരോടുമുള്ള അതിക്രമങ്ങള്‍ സഹിക്കില്ല. സംസ്ഥാനത്തെ ഓരോ പൗരന്റെയും ആദരവ് എനിക്ക് ലഭിക്കുന്ന ബഹുമാനമാണ്,’ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
ആദരിക്കല്‍ ചടങ്ങിന് ശേഷം ഭോപ്പാലിലെ സ്മാര്‍ട്ട് സിറ്റി പാര്‍ക്കില്‍ മുഖ്യമന്ത്രിയോടൊപ്പം എത്തിയ റാവത്ത് ഒരു ചെടിയും അവിടെ നട്ടിരുന്നു. ഇതിന്റെ വീഡിയോയും മുഖ്യമന്ത്രി പങ്കുവെച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
പ്രവേശ് ശുക്ലയെന്ന ബി.ജെ.പി നേതാവാണ് മദ്യലഹരിയില്‍ ക്രൂരകൃത്യം നടത്തിയത്. ഇയാള്‍ ദശ്മത് റാവത്തിന് മേല്‍ മൂത്രമൊഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ വലിയ വിമര്‍ശനത്തിനും കാരണമായി.
ജൂലൈ അഞ്ചിന് പ്രവേശ് ശുക്ലയെ സിദ്ധി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ അനധികൃത കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ബുധനാഴ്ച പൊളിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി മുഖ്യമന്ത്രി നേരിട്ടെത്തി ദളിത് വ്യക്തിയെ ആദരിച്ചത്.
Content Highlights: madhya pradesh cm gives honourary welcome to dalit man urinated