| Tuesday, 28th December 2021, 1:25 pm

ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പ്രലോഭിപ്പിച്ചെന്ന് പരാതി; കത്തോലിക്കാ പുരോഹിതനുള്‍പ്പെടെ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പ്രലോഭിപ്പിച്ചെന്ന് ആരോപിച്ച് കത്തോലിക്കാ പുരോഹിതനും ഒരു പാസ്റ്ററും ഉള്‍പ്പെടെ മൂന്ന് പേരെ മധ്യപ്രദേശ് മതനിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തു.

ജബുവ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്ന് ഞായറാഴ്ച രാത്രിയാണ് മൂന്ന് പേരേയും മധ്യപ്രദേശ് പൊലിസ് അറസ്റ്റ് ചെയ്തത്.

തെതിയ ബാരിയ എന്ന വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കല്യാണ്‍പുര പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. മിഷനറിമാരുടെ നേതൃത്വത്തിലുള്ള സ്‌കൂളുകളിലും ആശുപത്രികളിലും സൗജന്യ വിദ്യാഭ്യാസവും ചികില്‍സയും വാഗ്ദാനം ചെയ്ത് ഫാദര്‍ ജാം സിങ് ദിന്‍ഡോറും പാസ്റ്റര്‍ അന്‍സിങ് നിനാമയും മംഗു മെഹ്താബ് ഭൂരിയ എന്നയാളും ആദിവാസി ഗ്രാമീണരെ ക്രിസ്ത്യന്‍ മതത്തിലേക്ക് ആകര്‍ഷിച്ചുവെന്ന് പരാതിക്കാരന്‍ പറയുന്നു.

മതപരിവര്‍ത്തന വിരുദ്ധ നിയമം എന്നറിയപ്പെടുന്ന മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം, 2021 പ്രകാരമാണ് ഇവര്‍ മൂന്ന് പേര്‍ക്കെതിരേയും കേസെടുത്തിരിക്കുന്നതെന്ന് കല്യാണ്‍പുര പോലിസ് സ്റ്റേഷന്റെ ചുമതലയുള്ള ദിനേശ് റാവത്ത് പിടിഐയോട് പറഞ്ഞു.

ഡിസംബര്‍ 26 ന് രാവിലെ 8 മണിക്ക് ദിന്‍ഡോര്‍ പ്രാര്‍ത്ഥനാ മുറിയിലേക്ക് വിളിച്ച് മതപരിവര്‍ത്തനത്തിനായി വിളിച്ച പ്രതിവാര മീറ്റിങ്ങില്‍ ഇരുത്തുകയും തങ്ങളുടെ മേല്‍ വെള്ളം തളിക്കുകയും ബൈബിള്‍ വായിക്കുകയും ചെയ്തുവെന്ന് ബരിയ പറഞ്ഞു.

സൗജന്യ ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് ക്രിസ്തുമതം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായും ഇയാള്‍ ആരോപിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Contnet Highlights: Madhya Pradesh: Catholic priest, pastor among three arrested under anti-conversion law

Latest Stories

We use cookies to give you the best possible experience. Learn more