ഭോപാല്‍: കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കിയതിന് ശേഷമുള്ള ഉപതെപരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് മധ്യപ്രദേശ്. 24 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ബി.ജെ.പിക്കും നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ തിരക്കിട്ട പ്രവര്‍ത്തനങ്ങളിലേക്ക് ഇരുപാര്‍ട്ടികളും കടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, കോണ്‍ഗ്രസിനകത്ത് ചില അസ്വാരസ്യങ്ങള്‍ പുകയുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളായ ദിഗ് വി
ജയ സിങിന്റെയും കമല്‍ നാഥിന്റെയും സമീപ കാലത്തെ ചില മാറ്റങ്ങളാണ് ഈ അഭ്യൂഹങ്ങള്‍ക്ക് കാരണം.
മുന്‍ മുഖ്യമന്ത്രിയും നിയുക്ത രാജ്യസഭാ എം.പിയുമായ ദിഗ് വിജയ സിങ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രത്യക്ഷ മുഖങ്ങളിലെവിടെയുമില്ല. തുടക്കത്തില്‍ സിങ് വലിയ ആവേശം ഉപതെരഞ്ഞെടുപ്പിലേക്ക് പ്രകടിപ്പിച്ചിരുന്നെങ്കിലും ഇപ്പോള്‍ അതില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥിന്റെ വസതിയില്‍ ചേര്‍ന്ന യോഗങ്ങളില്‍നിന്നും ദിഗ് വിജയ സിങ് വിട്ടുനിന്നു. അധികാരം നഷ്ടപ്പെട്ടതിന് ശേഷം പാര്‍ട്ടിക്ക് ആത്മവിശ്വാസം പകരാന്‍ നേരിട്ട് കളത്തിലിറങ്ങിയ നേതാവായിരുന്നു ഇദ്ദേഹം. ഉപതെരഞ്ഞെടുപ്പിലൂന്നി പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നേടാനായില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിന്റെതാണ് എന്ന തരത്തിലാണ് സിങ്ങിന്റെ എതിരാളികള്‍ ഉപതെരഞ്ഞെടുപ്പ് തന്ത്രം മെനയുന്നത്. കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടതിന് കാരണം സിങ് ആണെന്ന പ്രചാരണവും നടക്കുന്നുണ്ട്.
ഉപതെരഞ്ഞെടുപ്പില്‍ ദിഗ് വിജയ സിങ് ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ പ്രചാരണത്തിനിറങ്ങിയാല്‍ അത് പ്രതികൂല ഫലമുണ്ടാക്കുമെന്നാണ് സിങിന്റെ പ്രതിയോഗികള്‍ കമല്‍ നാഥിനെ ധരിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയുടെ തന്ത്രം മെനയുന്നതില്‍ സിങിന്റെ എതിരാളികള്‍ സജീവമാവുകയും ചെയ്തിട്ടുണ്ട്.
സിങിന്റെ പ്രതിയോഗികളെ സഹായിക്കാന്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയും അണിയറയിലുണ്ടെന്ന് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഉപ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കൂടുതല്‍ വോട്ടുകള്‍ നേടാനായാല്‍ അതിന്റെ നേട്ടം കമല്‍നാഥിനായിരിക്കും. അതിലേക്കാണ് പ്രവര്‍ത്തകര്‍ ശ്രദ്ധയൂന്നുന്നത്.
കമല്‍ നാഥിനെ നിഷ്പക്ഷനായ നേതാവായാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിഗണിക്കുന്നത്. അദ്ദേഹത്തിനെ പിന്തുണച്ച് വരുന്നവരെല്ലാം തന്നെ ദിഗ് വിജയ സിങിനെ എതിര്‍ക്കുന്നുമുണ്ട്.
ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ 16 സീറ്റുകളില്‍ മത്സരം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുന്‍മന്ത്രി ഗോവിന്ദ് സിങിനെ പ്രതിപക്ഷ നേതാവായി നിയമിക്കാന്‍ ദിഗ് വിജയ സിങാണ് കമല്‍നാഥിനോട് ആവശ്യപ്പെട്ടത്. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഉപതെരഞ്ഞെടുപ്പിലേക്ക് നിലവില്‍ സിങിന് യാതോരു ചുമതലയും നല്‍കിയിട്ടില്ല. സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ കഴിയുന്ന ആളാണ് സിങ്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കമല്‍നാഥ് ഇതുവരെ തയ്യാറായിട്ടുമില്ല.
ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്ന മണ്ഡലങ്ങളില്‍ ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞാല്‍ ഏറ്റവുമധികം സ്വാധീനമുള്ള വ്യക്തിയാണ് ദിഗ് വിജയ സിങ്. അതുകൊണ്ടുതന്നെ പാര്‍ട്ടി പരാജയം ഏറ്റുവാങ്ങേണ്ടിവന്നാല്‍ അതിന്റെ പഴി കേള്‍ക്കേണ്ടി വരിക അദ്ദേഹത്തിന് തന്നെയാവും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ