നവരാത്രി സമയത്ത് വ്യാപാരികള്‍ കടകളുടെ മുന്നില്‍ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണം; മധ്യപ്രദേശിലെ ബി.ജെ.പി കോര്‍പറേഷന്‍
national news
നവരാത്രി സമയത്ത് വ്യാപാരികള്‍ കടകളുടെ മുന്നില്‍ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണം; മധ്യപ്രദേശിലെ ബി.ജെ.പി കോര്‍പറേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th September 2024, 12:21 pm

ഭോപ്പാല്‍: ഒക്ടോബര്‍ മൂന്ന് മുതല്‍ 10 വരെ നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷസമയത്ത് വ്യാപാരികള്‍ അവരുടെ ഐഡന്റിറ്റി കാര്‍ഡ് കടകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവുമായി മധ്യപ്രദേശിലെ ബി.ജെ.പി കോര്‍പറേഷന്‍. മധ്യപ്രദേശിലെ രത്‌ലം മുനിസിപ്പാലിറ്റി കോര്‍പ്പറേഷനാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.

ബി.ജെ.പി മേയര്‍ പ്രഹ്ലാദ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ഉപദേശക സമിതി സെപ്റ്റംബര്‍ 23ന് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ’10 ദിവസത്തെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി എല്ലാ കടയുടമകളും അവരുടെ പേര് കടയുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കണം’ എന്നാണ് പ്രമേയത്തില്‍ പറയുന്നത്. കടകള്‍ക്കു മുന്നില്‍ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കേണ്ടതില്ല എന്ന സുപ്രീം കോടതിയുടെ നിര്‍ദേശം ലംഘിച്ചുകൊണ്ടാണ് ബി.ജെ.പിയുടെ പുതിയ ഉത്തരവ്.

നേരത്തെ, യു.പി സര്‍ക്കാരിന്റെ വിവാദ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി ഇടപെട്ടത്. കാന്‍വാര്‍ തീര്‍ത്ഥാടന സമയത്ത് തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന വഴികളിലെ കടയുടമകള്‍ അവരുടെ പേര് പ്രദര്‍ശിപ്പിക്കണെന്ന് യു.പി. സര്‍ക്കാര്‍ ഉത്തരവിട്ടത്. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് പുറപ്പെടുവിച്ച ഉത്തരവായിരുന്നു അത്. തീര്‍ത്ഥാടകരുടെ പവിത്രത സംരക്ഷിക്കാനാണ് ഈ നീക്കമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

ഹിന്ദു പേരുകളില്‍ മുസ്‌ലിങ്ങള്‍ കടകള്‍ ആരംഭിച്ച് തീര്‍ത്ഥാടര്‍ക്ക് മാംസാഹാരം വിളമ്പുന്നുവെന്ന് ബി.ജെ.പി. മന്ത്രി കപില്‍ ദേവ് അഗാര്‍വാള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മുസാഫര്‍നഗര്‍ പൊലീസ് കടയുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിച്ചു. പിന്നീടാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവ് പുറപ്പെടുവിച്ചത്.

Content Highlight: Madhya Pardesh BJP Corporation asked shop owners to display ID card during Navratri