റിട്ടയേര്‍ഡ് ജസ്റ്റിസ് എസ്.കെ പാണ്ഡെ അദ്ധ്യക്ഷനായ സംഘമാണ് അന്വേഷണം നടത്തുക. സിമിപ്രവര്‍ത്തകരുടെ വധം വ്യാജഏറ്റുമുട്ടലിലൂടെയാണെന്നുള്ള സംശയം ശക്തമായിരിക്കെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു.
ഭോപാല്‍: ഭോപാലില്‍ ജയില്‍ചാടിയ 8 സിമി പ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. റിട്ടയേര്‍ഡ് ജസ്റ്റിസ് എസ്.കെ പാണ്ഡെ അദ്ധ്യക്ഷനായ സംഘമാണ് അന്വേഷണം നടത്തുക. സിമിപ്രവര്‍ത്തകരുടെ വധം വ്യാജഏറ്റുമുട്ടലിലൂടെയാണെന്നുള്ള സംശയം ശക്തമായിരിക്കെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു.
സിമിപ്രവര്‍ത്തകര്‍ ജയില്‍ ചാടിയ സാഹചര്യവും ഏറ്റുമുട്ടലിനെ കുറിച്ചും കമ്മീഷന്‍ അന്വേഷണം നടത്തും. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ വിശദ റിപ്പോര്‍ട്ട് തേടി മധ്യപ്രദേശ് ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. സര്‍ക്കാര്‍ നേരത്തെ എന്‍.ഐ.എ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
അതേ സമയം ഏറ്റുമുട്ടലില്‍ അന്വേഷണം വേണ്ടതില്ലെന്ന് മധ്യപ്രദേശ് അഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ് പറഞ്ഞിരുന്നു.
ഞായറാഴ്ച ജയില്‍ ചാടിയതിന് പിറ്റേദിവസം തന്നെയാണ് സിമിപ്രവര്‍ത്തകരെ പോലീസ് വെടിവെച്ചു കൊന്നിരുന്നത്. ഏറ്റുമുട്ടല്‍ സംബന്ധിച്ച് പോലീസിന്റെ വാദങ്ങള്‍ കള്ളമെന്ന് തെളിയിക്കുന്ന നിരവധി തെളിവുകള്‍ പുറത്തുവന്നിരുന്നു. സിമിപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാതെ കൊല്ലാന്‍ നിര്‍ദേശിക്കുന്ന പോലീസിന്റെ വയര്‍ലസ് സന്ദേശമാണ് അവസാനമായി പുറത്തു വന്നിട്ടുള്ളത്.
അതീവ സുരക്ഷയുള്ള 2004ല്‍ ഐഎസ്ഒ 90012000 സര്‍ട്ടിഫിക്കറ്റ് ലഭ്യമായ ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് സിമിപ്രവര്‍ത്തകര്‍ ജയില്‍ചാടിയത് സംബന്ധിച്ചും സംശയങ്ങള്‍ നിലനില്‍ക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.