വളരെ വികൃതി നിറഞ്ഞ താരമാണ് ആ നടന്‍: മാധുരി ദീക്ഷിത്
Entertainment
വളരെ വികൃതി നിറഞ്ഞ താരമാണ് ആ നടന്‍: മാധുരി ദീക്ഷിത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th November 2024, 8:23 am

ബോളിവുഡിലെ എവര്‍ഗ്രീന്‍ താര സുന്ദരിയാണ് മാധുരി ദീക്ഷിത്. മറാത്തി സിനിമകളിലൂടെ കരിയര്‍ ആരംഭിച്ച താരം എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ബോളിവുഡിലെ തിരക്കുള്ള നായികാ നടിയായിരുന്നു. ഇതുവരെ എഴുപതിലധികം സിനിമകളില്‍ അഭിനയിച്ച മാധുരി നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

രണ്‍ബീര്‍ കപൂര്‍ വളരെ വികൃതി നിറഞ്ഞ താരമാണെന്ന് പറയുകയാണ് മാധുരി ദീക്ഷിത്. മധുരിയും രണ്‍ബീര്‍ കപൂറും യേ ജവാനി ഹേ ദീവാനി സിനിമയിലെ ഗാഗ്ര എന്ന ഗാനത്തില്‍ ഒന്നിച്ചിരുന്നു. ചിത്രത്തെ പോലത്തെന്നെ ഈ ഗാനവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിങ്ക് വില്ലയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാധുരി.

‘എനിക്ക് യേ ജവാനി ഹേ ദീവാനി എന്ന സിനിമയിലെ ആ ഗാനം ചെയ്യുന്നത് വളരെ ഇഷ്ടമായിരുന്നു. രണ്‍ബീര്‍ കപൂറിനൊപ്പം പ്രവര്‍ത്തിക്കുന്നത് നല്ല രസമായിരുന്നു. അവന്‍ ഒരു വികൃതിക്കാരനാണ്, പക്ഷേ നിങ്ങള്‍ക്കറിയാത്ത ഒരു വശം കൂടിയുണ്ട്, അവന്‍ വളരെ നിശബ്ദനാണ്. വികൃതിയാണെങ്കിലും അവന്‍ അധികം സംസാരിക്കാറില്ല.

ഗാഗ്ര എന്ന പാട്ടില്‍ വര്‍ക്ക് ചെയ്യുന്നതും വളരെ രസകരമായ അനുഭവമായിരുന്നു. ആദ്യത്തെ കാര്യം ആ പാട്ട് അടിപൊളിയാണ് എന്നതുതന്നെയാണ്. ആ പാട്ട് എടുത്തുവെച്ച രീതിയും വളരെ മനോഹരമായിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ചിത്രത്തില്‍ ആ ഗാനം വന്നത്,’ മാധുരി പറയുന്നു.

ബോളിവുഡിലെ ഏറ്റവും ആരാധകരുള്ള ചിത്രങ്ങളിലൊന്നാണ് അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത യേ ജവാനി ഹേ ദീവാനി. 2013ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍, ദീപിക പദുക്കോണ്‍, ആദിത്യ റോയ് കപൂര്‍, കല്‍ക്കി കോച്ച്‌ലിന്‍, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്‍ബീര്‍ ബണ്ണിയായും ദീപിക നൈനയായും എത്തിയ ചിത്രം ഇരുവരുടെയും സൗഹൃദവും പ്രണയകഥകളും ചുറ്റിപ്പറ്റിയായിരുന്നു മുന്നോട്ട് പോകുന്നത്.

കാര്‍ത്തിക് ആര്യന്‍, ട്രിപ്റ്റി ദിമ്രി, വിദ്യാ ബാലന്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ അനീസ് ബസ്മിയുടെ ഭൂല്‍ ഭുലയ്യ 3 എന്ന ചിത്രത്തിലാണ് മാധുരി അവസാനമായി അഭിനയിച്ചത്.

Content Highlight: Madhuri Dixit recalls working with Ranbir Kapoor in Ghagra song And Says Ranbir Kapoor Is A naughty person