കൊച്ചി: ഡിസംബര്‍ ആഘോഷങ്ങളുടെ കാലമാണ്. ഒരു വര്‍ഷം അവസാനിക്കുന്നതിന്റെയും ക്രിസ്മസിന്റെയും എല്ലാ ആഘോഷങ്ങളും നിറഞ്ഞ ഒരു അവധിക്കാലം.
സിനിമകള്‍ക്കും ഇത് ആഘോഷകാലമാണ്. തിയേറ്ററുകളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാം തന്നെ മികച്ച സിനിമകളാണ് ക്രിസ്മസ് വെക്കേഷന് എത്താറുള്ളത്. ഇത്തവണത്തെ ക്രിസ്മസ് കാലത്തിന് പക്ഷേ മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
തിയേറ്ററുകള്‍ പോലെ തന്നെ ഒ.ടി.ടിയിലും അവധിക്കാലം ആഘോഷമാക്കാന്‍ നിരവധി ചിത്രങ്ങളാണ് എത്തുന്നത്. തിയേറ്ററില്‍ എത്തിയ ചിത്രങ്ങള്‍ക്ക് പുറമേ ഡയറക്ട് ഒ.ടി.ടി ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ഡിസംബര്‍ ആഘോഷത്തിന് എത്തുന്ന ആറ് ഒ.ടി.ടി ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
മിന്നല്‍ മുരളി – നെറ്റ്ഫ്‌ളിക്‌സ്
ഒ.ടി.ടി റിലീസുകളില്‍ ഏറ്റവും വലിയ ചിത്രം മിന്നല്‍ മുരളിയാണ്. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 24 ന് നെറ്റ്ഫ്ളിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ തിയേറ്റര്‍ എക്സ്പീരിയന്‍സ് നഷ്ടമായതിന്റെ വിഷമത്തിലാണ് സിനിമ പ്രേമികളില്‍ പലരും. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍ മുരളി. ബേസില്‍- ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. നിര്‍മാണം സോഫിയ പോള്‍.
സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം-അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ്, ഗാനരചന-മനു മന്‍ജിത്, സംഗീതം-ഷാന്‍ റഹ്മാന്‍, സുഷില്‍ ശ്യാം.
ജൂണ്‍ എന്ന സിനിമയ്ക്ക് അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരം. ജോജു ജോര്‍ജ് നായകനാവുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല.
ശ്രുതി രാമചന്ദ്രന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ജാഫര്‍ ഇടുക്കി, നിഖില വിമല്‍, ഇന്ദ്രന്‍സ്, മാളവിക, ബാബു ജോസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറില്‍ ജോജു ജോര്‍ജ് , സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് മധുരം.
ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍. ഉര്‍വശിയാണ് ചിത്രത്തിലെ നായികയാവുന്നത്. നസ്‌ലന്‍, ഗണപതി, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെയും റിലീസ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം – ആമസോണ്‍ പ്രൈം
ഡിസംബര്‍ 2 ന് തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ്ജ, പ്രഭു, മുകേഷ്, നെടുമുടി വേണു തുടങ്ങി നിരവധി പേരാണ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്.
ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഡിസംബര്‍ 17 ന് ഒ.ടി.ടി റിലീസ് ചെയ്യും.
കുറുപ്പ് – നെറ്റ്ഫ്‌ളിക്‌സ്
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം ഒ.ടി.ടി റിലീസ് ചെയ്യുന്നത്. എന്നാല്‍ റിലീസ് തിയതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം പുറത്തിറങ്ങിയത്. ദുല്‍ഖര്‍ വേഫറെര്‍ ഫിലിംസും എം. സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി. ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
കാവല്‍ – നെറ്റ്ഫ്‌ളിക്‌സ്
ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി ആക്ഷന്‍ നായകനായി എത്തിയ ചിത്രമായിരുന്നു കാവല്‍. തമ്പാന്‍ എന്ന മാസ് കഥാപാത്രത്തെയാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ ഡിസംബര്‍ അവസാന വാരം എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രണ്‍ജി പണിക്കര്‍, ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.