മോഹന്‍ലാലിന്റെ യാത്രാനുഭവങ്ങളും വൈവിധ്യമാര്‍ന്ന ഫോട്ടോകളും പ്രസിദ്ധീകരിച്ചിരുന്ന മാതൃഭൂമിയുടെ യാത്ര എന്ന ട്രാവല്‍ മാസികയിലെ ‘ട്രാവല്‍ ട്രാന്‍സ്’ എന്ന പംക്തി ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൂടെ മോഹന്‍ലാല്‍ നടത്തിയ അപൂര്‍വ യാത്രകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് പ്രശസ്ത ഫോട്ടോ ജേണലിസ്റ്റും മാതൃഭൂമിയുടെ പീരിയോഡിക്കല്‍സ് വിഭാഗം ചീഫ് ഫോട്ടോഗ്രാഫറുമായ മധുരാജ് ആയിരുന്നു.
ഒരിക്കല്‍ മോഹന്‍ ലാലിന്റെ ചിത്രങ്ങള്‍ പകര്‍ത്താനായി കാര്‍ഗിലില്‍ ‘കുരുക്ഷേത്ര’ സിനിമയുടെ സെറ്റിലെത്തിയപ്പോള്‍ ചിത്രത്തില്‍ ഒരു റോളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാനായി മോഹന്‍ലാല്‍ തന്നെ ക്ഷണിച്ച അനുഭവം പങ്കുവെക്കുകയാണ് മധുരാജ്. റീഡ് വിഷന്‍ ഓണപ്പതിപ്പില്‍ എഴുതിയ ‘മോഹന്‍ലാല്‍ മുന്നില്‍ നില്‍ക്കുമ്പോള്‍’ എന്ന ലേഖനത്തിലാണ് മധുരാജ് മോഹന്‍ലാലിനൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
മോഹല്‍ലാലിന്റെ ക്ഷണം തനിക്ക് നിരസിക്കേണ്ടി വന്നെങ്കിലും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആ ക്ഷണം സ്വീകരിച്ച് കുരുക്ഷേത്ര സിനിമയില്‍ ജില്ലാ കളക്‌റുടെ റോളില്‍ ഭംഗിയായി അഭിനയിച്ചുവെന്ന് മധുരാജ് പറയുന്നു. 2008 ജൂലൈയില്‍ കശ്മീരിലെ കാര്‍ഗിലില്‍ വെച്ചായിരുന്നു ‘കുരുക്ഷേത്ര’യുടെ ഷൂട്ട്.
മധുരാജ് ആ അനുഭവം വിവരിക്കുന്നത് ഇങ്ങനെയാണ്:
‘വലിയ ഹോട്ടലുകള്‍ ഒന്നും ഇല്ലാത്ത കാര്‍ഗിലില്‍ സൂപ്പര്‍സ്റ്റാറും സംവിധായകനും യൂണിറ്റിലെ മറ്റുള്ളവരും താമസിക്കുന്നത് ഒരേ ഇടത്തായിരുന്നു. പഴയ ഒരു സത്രം പോലെ ഒരു മലയുടെ ചെരിവിലെ ഒരു ചെറിയ ഹോട്ടലില്‍. അതു സംഘടിപ്പിക്കാന്‍ തന്നെ വളരെ ബുദ്ധിമുട്ടി എന്നറിഞ്ഞു. അതിഥികളായി എത്തിയ ഞങ്ങളും താമസിച്ചത് ഇവിടെ തന്നെ. ഒരു ബിഗ് ബജറ്റ് സിനിമയാണെങ്കിലും എത്തിച്ചേരാനുള്ള ദൂരം, പ്രതികൂലമായ കാലാവസ്ഥ, താമസത്തിനുള്ള അസൗകര്യം എന്നീ കാരണങ്ങളാല്‍ യൂണിറ്റില്‍ പൊതുവെ ആളുകള്‍ കുറവായിരുന്നു. അതുകൊണ്ട് യൂണിറ്റിലുള്ള നടന്‍മാരല്ലാത്ത പലരും അഭിനയിക്കേണ്ടിയും വന്നു.
ഞങ്ങളുടെ കൂടെ ദല്‍ഹിയില്‍ നിന്ന് വന്ന സുഹൃത്തിന് ലഭിച്ചത് ഒരു മികച്ച റോളായിരുന്നു. സ്ഥലം കളക്ടറുടെ. ആ റോള്‍ അദ്ദേഹം ഭംഗിയായി ചെയ്തു. മോഹന്‍ലാലിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ വേഷം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടകത്തില്‍ അഭിനയിച്ച, അഭിനയ കമ്പമുള്ള ശശിയേട്ടന്‍ എന്ന് പേരുള്ള ഞങ്ങളുടെ സുഹൃത്തിന് അങ്ങനെ ആ യാത്ര മറക്കാനാവാത്തതായി.
‘അഭിനയിക്കുമോ?’. ഈ ചോദ്യം എന്നോട് ചോദിക്കുന്നത് സാക്ഷാല്‍ മോഹന്‍ലാല്‍! ലൊക്കേഷനിലെ ഒരു ഇടവേളയിലായിരുന്നു അത്. ഞാന്‍ ഒരു അമ്പരപ്പോടെ ‘ഇല്ല’ എന്ന മറുപടി പറഞ്ഞു. പക്ഷെ, അഭിനയിക്കാനുള്ള ഒരു ക്ഷണം കൂടിയായിരുന്നു ആ ചോദ്യം. പിന്നീടറിഞ്ഞു, ഞങ്ങളുടെ സുഹൃത്ത് ചെയത കളക്ടറുടെ വേഷത്തിലേക്കായിരുന്നു എന്നെ ക്ഷണിച്ചത് എന്ന്.
ഞാനായിരുന്നു ആ റോള്‍ കൈകാര്യം ചെയ്തതെങ്കില്‍ എന്ന് ഓര്‍ത്ത് ഞാന്‍ ഇപ്പോഴും ഞെട്ടാറുണ്ട്! എങ്കിലും സാക്ഷാല്‍ മോഹന്‍ലാല്‍ ക്ഷണിച്ചിട്ടു പോലും ഞാന്‍ അഭിനയിക്കാന്‍ കൂട്ടാക്കിയില്ല എന്ന് സുഹൃത്തുക്കളോട് എനിക്ക് വീമ്പ് പറഞ്ഞു നടക്കാനായി. ഇതൊക്കെ ഓര്‍ക്കാന്‍ രസമുള്ള ചില തമാശകള്‍.’
ഒരു ഫോട്ടോ ജേണലിസ്റ്റ് എന്ന നിലയില്‍ മോഹന്‍ലാലിനൊപ്പമുള്ള വ്യത്യസ്തമായ നിരവധി അനുഭവങ്ങള്‍ മധുരാജ് ഈ ലേഖനത്തില്‍ പങ്കുവെക്കുന്നുണ്ട്. മോഹന്‍ലാല്‍ എന്ന വ്യക്തിയിലെ നടനെ, യാത്രികനെ, സാമൂഹ്യജീവിയെ എല്ലാം തന്റെ വിവിധ കാലങ്ങളിലെ അനുഭവങ്ങളിലൂടെ മധുരാജ് വിവരിക്കുന്നുണ്ട്.
മോഹന്‍ലാലിന്റെ ആദ്യ സിനിമ റിലീസ് ചെയ്യുമ്പോള്‍ വെറും ആറാം ക്ലാസുകാരന്‍ മാത്രമായിരുന്ന ഒരു ആരാധകന്‍ പിന്നീട് പ്രൊഫഷണല്‍ ജീവിതത്തിന്റെ ഭാഗമായി താരത്തിന്റെ യാത്രകളില്‍ ഒപ്പം ചേര്‍ന്നപ്പോള്‍ ഉള്ളിലെ താരാരാധകന്റെ മനോനിലകള്‍ എങ്ങിനെയായിരുന്നുവെന്ന് മധുരാജ് വിവരിക്കുന്നുണ്ട്.