Entertainment
സിനിമയില്‍ കല്യാണം കഴിക്കുന്ന സീനില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു സില്‍ക്ക് സ്മിത അന്ന് പറഞ്ഞത്; ഓര്‍മ്മകള്‍ പങ്കുവെച്ച് മധുപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 15, 02:40 pm
Tuesday, 15th June 2021, 8:10 pm

കൊച്ചി: മലയാള സിനിമയില്‍ ഒരു കാലത്ത് വില്ലന്‍ വേഷങ്ങളുടെ പര്യായമായി മാറിയ നടനാണ് മധുപാല്‍. നടനേക്കാളുപരി ഒരു എഴുത്തുകാരനും സംവിധായകനുമായ അദ്ദേഹം മികച്ച ചിത്രങ്ങള്‍ മലയാളിയ്ക്ക് സമ്മാനിയ്ക്കുകയും ചെയ്തിട്ടുണ്ട്. തലപ്പാവ്, ഒഴിമുറി, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് അദ്ദേഹം സംഭാവന ചെയ്യുകയും ചെയ്തിട്ടുണ്ട്.

തന്റെ സിനിമാ ജീവിതത്തിലെ മറക്കാനാകാത്ത ഒരു സംഭവം ഓര്‍ത്തെടുക്കുകയാണ് മധുപാല്‍ ഇപ്പോള്‍. നടി സില്‍ക്ക് സ്മിതയുമൊത്തുള്ള അഭിനയ അനുഭവമാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് പരിപാടിയ്ക്കിടെയായിരുന്നു അദ്ദേഹം മനസ്സുതുറന്നത്.

സില്‍ക്ക് സ്മിതയുമായുള്ള അഭിനയ അനുഭവങ്ങളില്‍ ഏറ്റവും സന്തോഷമുള്ള കാര്യം, അവരുടെ ജീവിതത്തില്‍ തന്നെ അവരെ കല്യാണം കഴിച്ചിട്ടുള്ള ഒരേയൊരാള്‍ ഞാനാണ്. എല്ലാക്കാലത്തേയും ഇത്രയും സെന്‍സേഷനായിട്ടുള്ള ഒരു നടി. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഡേര്‍ട്ടി പിക്ചര്‍ എന്ന സിനിമയെന്നും മധുപാല്‍ പറയുന്നു.

‘സ്മിതയുടെ കാര്യത്തില്‍ എനിക്ക് ഏറ്റവും സന്തോഷമുള്ള കാര്യം, പള്ളിവാതുക്കല്‍ തൊമ്മിച്ചന്‍ എന്ന സിനിമയിലാണ് ഞാന്‍ അഭിനയിച്ചത്. ആ സിനിമയില്‍ തിരുട്ടു കല്യാണം എന്നൊരു സംഗതിയുണ്ട്. പള്ളിയില്‍വെച്ച് എന്റെ കഥാപാത്രം ഈ പെണ്‍കുട്ടിയെ(സില്‍ക്ക് സ്മിത)കല്യാണം കഴിക്കുന്നു. എല്ലാ ചടങ്ങുകളും പാലിച്ചുകൊണ്ടുള്ള ഒരു കല്യാണം. തിരിച്ച് വണ്ടിയില്‍ കയറി പോകുന്നത് വരെയുള്ള സ്വീക്വന്‍സ് ചെയ്തു. സീന്‍ എടുത്ത് കഴിഞ്ഞ് വണ്ടിയില്‍ നിന്ന് ഇറങ്ങിയശേഷം അവര്‍ എന്നോട് വളരെ ഇമോഷണലായി സംസാരിച്ചു. ജീവിതത്തില്‍ ഒരുപാട് സിനിമകള്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ തന്നെ കല്യാണം കഴിക്കുന്ന ഒരു സീന്‍ തന്റെ ജീവിതത്തിലുണ്ടായിട്ടില്ലെന്നും സ്മിത പറഞ്ഞു. ജീവിതത്തിലും ഇങ്ങനെയൊരു കാര്യമുണ്ടായിട്ടില്ലെന്നും അന്ന് സ്മിത പറഞ്ഞു,’ മധുപാല്‍ പറയുന്നു.

സിനിമയില്‍ തന്നെ കല്ല്യാണം കഴിക്കുന്ന സീനില്‍ അഭിനയിക്കാന്‍ പറ്റിയതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് പറഞ്ഞാണ് സ്മിത കാറില്‍ കയറി പോയതെന്നും മധുപാല്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Madhupal Shares Experience About Silk Smitha