മോഹൻലാൽ, ശങ്കർ, രമ്യാ കൃഷ്ണൻ, ജഗദീഷ് എന്നിവർ അഭിനയിച്ച് രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓസ്ട്രേലിയ. എന്നാൽ ചില കാരണങ്ങൾ കൊണ്ട് ഈ ചിത്രം പൂർത്തീകരിക്കാനായില്ല. കാർ റേസർ ആയ രാഹുൽ എന്ന കഥാപാത്രമാണ് മോഹൻലാൽ ഈ സിനിമയിൽ കൈകാര്യം ചെയ്തത്.
പല രംഗങ്ങളും ഷൂട്ട് ചെയ്തിട്ടും ഓസ്ട്രേലിയ റിലീസ് ആവാതെ പോയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നടനും സംവിധായകനുമായ മധുപാൽ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജീവൻ ചേട്ടന്റെ ഓസ്ട്രേലിയ എന്ന പടത്തിൽ ഞാൻ അസിസ്റ്റന്റ് ആയി വർക്ക് ചെയ്തിരുന്നു. കാർ റേസ് നടത്തുന്ന ഒരാളുടെ കഥയായിരുന്നു അതിൽ. മോഹൻലാലായിരുന്നു ഓസ്‌ട്രേലിയയിലെ നായകൻ. ആ സിനിമയിലാണ് ഞാൻ ലാലേട്ടനെ മീറ്റ് ചെയ്യുന്നത്.
ആ സിനിമയുടെ ഒരുപാട് ഭാഗങ്ങൾ ഞങ്ങൾ ഷൂട്ട് ചെയ്തിരുന്നു. റേസ് കാർ ഉണ്ടാക്കുന്നതും അതുണ്ടാക്കുന്ന വർക്ക് ഷോപ്പിൽ നിൽക്കുന്ന ഒരാളുമായും ബന്ധപ്പെട്ടായിരുന്നു സിനിമയുടെ കഥ. അതിനുമുൻപ് ഞങ്ങൾ കാർ റേസ് ഷൂട്ട് ചെയ്തിരുന്നു.
മൂന്ന് ദിവസത്തോളമാണ് അത് ഷൂട്ട് ചെയ്തത്. അതിനു ശേഷമാണ് കാർ ഉണ്ടാക്കുന്ന രംഗങ്ങളൊക്കെ എടുക്കുന്നത്. അതിനിടയിൽ ഉണ്ടാകുന്ന ഒരു ആക്സിഡന്റിൽ അദ്ദേഹത്തിന്റെ മുഖം പൊള്ളി നാശമാകുകയും തിരിച്ചറിയപ്പെടാത്ത അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നുണ്ട്. അങ്ങനെയൊക്കെയാണ് സിനിമയുടെ കഥ പോകുന്നത്.
ഇത് ഷൂട്ട് ചെയ്തതിനു ശേഷമാണ് വളരെ ഡീറ്റൈലായിട്ട് സ്ക്രീൻ പ്ലേ ചെയ്യുന്നത്. കഥക്കൊപ്പമുണ്ടായിരുന്ന സീക്വൻസുകൾ റീ വർക്ക് ചെയ്യുന്നത്. റീ വർക്ക് ചെയ്തതിനു ശേഷം സിനിമയുടെ ആളുകൾക്ക് ആ സ്ക്രീൻ പ്ലേ ഇഷ്ടപ്പെടാതെ വന്നു.
ശരിയാകാതെ പോകുന്ന ചില എലമെന്റുകൾ അവർക്ക് തോന്നി കാണണം. അതിനെ തുടർന്ന് സിനിമ വേണോ വേണ്ടയോ എന്ന തരത്തിൽ ഒരുപാട് ചർച്ചകൾ നടന്നു. അങ്ങനെയാണ് ആ സിനിമ വേണ്ടെന്ന് വെക്കുന്നത്,’ മധുപാൽ പറഞ്ഞു.
ഇൻ എന്ന സിനിമയാണ് മധുപാലിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഈ ചിത്രത്തിൽ അദ്ദേഹമെത്തുന്നത്.
Content Highlight: Madhupal reveals that why Mohanlal movie australia not released