| Friday, 22nd March 2024, 9:14 am

'ഒരു അത്ഭുത സിനിമ, കാണാനും കേള്‍ക്കാനും കാത്തിരിക്കുന്ന വിസ്മയം' അഞ്ചക്കള്ളകോക്കാനെ പ്രശംസിച്ച് മധുപാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മറ്റു സിനിമാ ഇന്‍ഡസ്ട്രിയെയും സിനിമാപ്രേമികളെയും ഒരുപോലെ അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇന്ന് നമ്മുടെ തിയേറ്ററുകള്‍. ഈയിടെ ഇറങ്ങിയ മലയാള സിനിമകളെല്ലാം കഥ കൊണ്ടും മേക്കിങ് കൊണ്ടും മുന്നിട്ട് നില്‍ക്കുന്നതാണ്.

ആ ലിസ്റ്റിലേക്ക് ചേര്‍ത്തു വെയ്ക്കാന്‍ സാധിക്കുന്ന മറ്റൊരു ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍. നടന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ തന്റെ സാന്നിധ്യമറിയിച്ച ചെമ്പന്‍ വിനോദ് ജോസ് നിര്‍മിച്ച ഏറ്റവും പുതിയ ചിത്രമാണ് ഇത്.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി സിനിമാ മേഖലയിലേക്ക് കടന്നു വന്ന ഉല്ലാസ് ചെമ്പനാണ് അഞ്ചക്കള്ളകോക്കാന്‍ സംവിധാനം ചെയ്തത്. പേര് കൊണ്ട് തന്നെ ഏറെ വ്യത്യസ്തമായ ഈ സിനിമ കഥ കൊണ്ടും അവതരണം കൊണ്ടുമെല്ലാം വ്യത്യസ്തമാണ്.

ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് വന്നിരിക്കുകയാണ് സംവിധായകനും നടനുമായ മധുപാല്‍. അസാധ്യമായ കൈയ്യൊതുക്കത്തിലൂടെ ചെയ്ത ഒരു അത്ഭുത സിനിമയെന്നാണ് മധുപാല്‍ അഞ്ചക്കള്ളകോക്കാനെ കുറിച്ച് പറയുന്നത്. തന്റെ എഫ്.ബി പോസ്റ്റിലൂടെയാണ് അദ്ദേഹം സിനിമയെ പ്രശംസിച്ചത്.

സിനിമയിലെ ഓരോരുത്തരുടെയും പേരുകള്‍ എടുത്ത് പറഞ്ഞ മധുപാല്‍ അഞ്ചക്കള്ളകോക്കാനില്‍ ഗില്ലാപ്പികളായി എത്തിയ പ്രവീണ്‍ ടി.ജെയെയും മെറിന്‍ ജോസ് പൊറ്റക്കലിനെയും പ്രത്യേകം പ്രശംസിച്ചു. പഴയ കാലം വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘അസാധ്യമായ കൈയ്യൊതുക്കത്തിലൂടെ ഒരു അത്ഭുത സിനിമ. കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരും മരിച്ചവരും തന്നെയാണ്. കണ്ടുപോയതെങ്കിലും ജീവിതത്തില്‍ ചിലതൊക്കെ എപ്പോഴും പുതിയതായി പ്രത്യക്ഷപ്പെടും. ചെമ്പോസ്‌കി യൂ ആര്‍ ബ്രില്യന്റ്. ബോത്ത് ഉല്ലാസ് ഏന്‍ഡ് ചെമ്പന്‍ വിനോദ്.

ആ നാടും ആളുകളും വീണ്ടും കാണും. കണ്ടുതീരാത്ത മനുഷ്യര്‍. വായിച്ചു മറക്കുന്ന കഥകളല്ല. കാണാനും കേള്‍ക്കാനും കാത്തിരിക്കുന്ന വിസ്മയം. ലുക്മാന്‍, ശ്രീജിത്ത് രവി, മണികണ്ഠന്‍ ആചാരി, അച്യുതാനന്ദന്‍, സെന്തില്‍… പിന്നെയും ഒരുപാട് കലാകാരന്മാരും കലാകാരികളും.

എടുത്ത് പറയേണ്ട രണ്ട് പേരുണ്ട് പ്രവീണ്‍, മെറിന്‍. ചുള്ളമ്മാര്‍, എന്താ എനര്‍ജി. ഒരു പഴയ കാലം വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം,’ മധുപാല്‍ തന്റെ എഫ്.ബിയില്‍ കുറിച്ചു.

1980കളുടെ അവസാനത്തില്‍ കേരള – കര്‍ണാടക അതിര്‍ത്തിയിലെ കാളഹസ്തി എന്ന ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാന്‍ പറയുന്നത്. മലയാളി പ്രേക്ഷകര്‍ക്ക് അത്രകണ്ട് സുപരിചിതമല്ലാത്ത മലയാളം വെസ്റ്റേണ്‍ ട്രീറ്റ്‌മെന്റിലൂടെ പൊറാട്ട് എന്ന ഫോക്ക് കലാരൂപത്തെ മുന്‍നിര്‍ത്തിയാണ് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചത്.

ചെമ്പന്‍ വിനോദ്, ലുക്മാന്‍ അവറാന്‍, മണികണ്ഠന്‍ ആചാരി, മെറിന്‍ ഫിലിപ്പ്, മേഘ തോമസ്, ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ, പ്രവീണ്‍ ടി.ജെ, മെറിന്‍ ജോസ് പൊറ്റക്കല്‍ തുടങ്ങിയ ഒരു മികച്ച താരനിര തന്നെയുള്ള ചിത്രം മാര്‍ച്ച് 15നായിരുന്നു തീയേറ്ററുകളില്‍ എത്തിയത്.

Content Highlight: Madhupal Praises Ullas Chemban’s Anchakkallakokkan

We use cookies to give you the best possible experience. Learn more