ഖാലിദ് റഹ്‌മാന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായി എത്തിയ തല്ലുമാല തിയേറ്ററില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ടൊവിനോ തോമസ് ചിത്രങ്ങളില്‍ ബിഗ്ഗസ്റ്റ് ഫസ്റ്റ് ഡേ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്.
ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുയാണ് നടനും സംവിധായകനുമായ മധുപാല്‍. തല്ലുമാല മലയാളത്തില്‍ കണ്ടുവന്നിട്ടില്ലാത്ത വളരെ ഡിഫറെന്റായ ഒരു ചിത്രമാണെന്ന് മധുപാല്‍ ഫേസ്ബുക്കില്‍ എഴുതി.
ശബ്ദം കൊണ്ടും ശരീരഭാഷ കൊണ്ടും ഒരുപാട് അത്ഭുതങ്ങള്‍ കാണിച്ച ടൊവിനോയുടെ അഭിനയ ജീവിതത്തില്‍ തല്ലുമാലയിലെ കഥാപാത്രം ഒരു നാഴികക്കല്ല് തന്നെയാണെന്നും മധുപാല്‍ പറഞ്ഞു.
‘ഒരു കഥയുടെ വഴിയിലൂടെയല്ല മറിച്ച് ആ കഥയുണ്ടാകാന്‍ പോകുന്ന തുടക്കത്തിലേക്കുള്ള സഞ്ചാരം ആണിത്. നോണ്‍ ലിനിയര്‍ സിനിമ സ്വഭാവത്തിന്റെ ആരംഭത്തില്‍ തലപ്പാവ് ചെയ്തപ്പോള്‍ കണ്ട പ്രേക്ഷകര്‍ അല്ല ഇപ്പോഴുള്ളത് എന്നനുഭവിപ്പിച്ച ചിത്രമാണിത്. ഇത്തരം ഒരു സിനിമ ചെയ്യണമെങ്കില്‍ വളരെ കൃത്യമായ ഒരു തിരക്കഥ ആവശ്യമാണ് അതിന്റെ ബ്രല്ല്യന്‍സ് ഈ ചിത്രത്തില്‍ കാണാം. ഖാലിദ് റഹ്‌മാനും, മുഹ്‌സിന്‍ പരാരിയും, അഷ്റഫ് ഹംസയും കൂട്ടുകാരും തെളിച്ച വഴിയിലൂടെ പ്രേക്ഷകരും കൂടുന്നു.
ടൊവിനോ തോമസ്, ലുക്മാന്‍, ഷൈന്‍ ടോം ചാക്കോ, കല്യാണി, ബിനു പപ്പു, കൂടെ സിനിമയെ എന്‍ഗേജിഡ് ആക്കുന്ന മറ്റ് അഭിനേതാക്കള്‍.
സ്ട്രിപ്പ് ഓഫ് കോമഡി പോലെ സ്ട്രിപ്പ് ഓഫ് ആക്ഷന്‍ ആസിനിമയാണിത്. പുതിയ കാലത്തിന്റെ അഭിരുചിയറിഞ്ഞു ചെയ്ത ഒരു സിനിമ. കാഴ്ചയുടെ നിറപകിട്ട് അറിയണമെങ്കില്‍ തിയേറ്ററില്‍ തന്നെ പോകണം. ഒരു ആധുനിക നോവല്‍ പോലെ നരേഷനില്‍ പോലും വ്യത്യസ്തമായ സ്വഭാവം ഉണ്ടാക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. പാട്ടും കൂത്തുമായ് ഒരാഘോഷം.
ശബ്ദം കൊണ്ടും ശരീരഭാഷ കൊണ്ടും ഒരുപാട് അത്ഭുതങ്ങള്‍ കാണിച്ച ടോവിനോയുടെ അഭിനയ ജീവിതത്തില്‍ തല്ലുമാലയിലെ കഥാപാത്രം ഒരു നാഴികക്കല്ല് തന്നെയാണ്. ഇനിയുള്ള കാലത്തേക്ക് ഈ നടന്‍ വിസ്മയങ്ങളുടെ പൂരം തീര്‍ക്കും.
ലുക്മാന്‍ മുമ്പ് കണ്ട സിനിമകളിലൊക്കെയുള്ള സ്വഭാവത്തില്‍ നിന്നും ഏറെ മാറിയഭിനയിച്ചിരിക്കുന്നു.
ചില അത്ഭുതങ്ങള്‍ ബാക്കി വയ്ക്കുന്നതുപോലെയാണിത്.
അനുരാഗ കരിക്കിന്‍വെള്ളം, ഉണ്ട എന്നീ ചിത്രങ്ങളില്‍ നിന്നും മാറിയ ഒരു ഖാലിദ് റഹ്‌മാന്‍ ഈ ചിത്രത്തില്‍ ഉണ്ട്..
ആഷിക് ഉസ്മാന്‍, കൂടെ ചേര്‍ന്നതിന്.. മുഹ്‌സിന്‍ പരാരി, അഷ്റഫ് ഹംസ, പ്രാദേശിക ഭാഷയുടെ വാ മൊഴി വഴക്കത്തിന്റെ സൗന്ദര്യം നല്‍കിയതിന്… അഭിനന്ദനങ്ങള്‍,’ മധുപാല്‍ എഴുതി.
CONTENT HIGHLIGHTS: Madhupal praises Thallumala movie