| Saturday, 26th March 2016, 4:44 pm

ഫാസിസ്റ്റ് വിരുദ്ധ പരിപാടിയില്‍ പങ്കെടുത്തു; മധുപാലിനെ ജനം ടിവിയില്‍ നിന്നും പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഫാസിസ്റ്റ് വിരുദ്ധ പരിപാടിയില്‍ പങ്കെടുത്ത സംവിധായകന്‍ മധുപാലിനെ ജനം ടീവിയുടെ പ്രതിവാര മുഖാമുഖ പരിപാടിയായ അകംപൊരുളില്‍ നിന്ന് പുറത്താക്കി. ഇടതുപക്ഷ അനുഭാവമുള്ള സാംസ്‌കാരിക സംഘടന തിരുവനന്തപുരത്ത് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ച പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത മധുപാലിന്റെ ചിത്രങ്ങള്‍ ആര്‍.എസ്.എസുകാരെ പ്രകോപിപ്പിച്ചതാണ് മധുപാലിനെ പുറത്താക്കുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പരിപാടിക്കിടെ  പ്രതീകാത്മകമായി ഫാസിസത്തെ എറിഞ്ഞുടയ്ക്കുക എന്ന ലക്ഷ്യത്തോടെ കലമുടക്കുന്ന പരിപാടി നടന്നിരുന്നു. കലത്തിന്റെ ഒരു വശത്ത് മോദിയുടെ പടവും മറുവശത്ത് ഹിറ്റ്‌ലറുടെ പടവുമായിരുന്നു ഉണ്ടായിരുന്നത്. മധുപാലും കലമെറിഞ്ഞുടച്ചു. ഇതിന്റെ ചിത്രങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീക്കപ്പെടുകയും ചെയ്തു. ഇത് കണ്ട് പ്രകോപിതരായ ആര്‍.എസ.എസുകാര്‍ ചാനല്‍ മേധാവിയെ വിളിച്ച് പ്രതിഷേധം അറിയിക്കുകയായിരുന്നു.

മധുപാലിനെ അകംപൊരുള്‍ പരിപാടിയില്‍ നിന്ന് പുറത്താക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതെത്തുടര്‍ന്ന് പരിപാടിയില്‍ നിന്ന് മധുപാലിനെ ഒഴിവാക്കാന്‍ ചാനല്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം ജനം ടിവിയുടെ പരിപാടിയില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് ജനം ടിവിയോ, പരിപാടിയുമായി ബന്ധപ്പെട്ടവരോ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് നടന്‍ മധുപാല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more