| Tuesday, 10th September 2024, 5:08 pm

ലാലേട്ടന്‍ ഞങ്ങളെ പോലെ നൃത്തം പഠിച്ചിട്ടില്ല, എങ്കിലും ആ പാട്ടില്‍ അദ്ദേഹത്തിന്റെ നൃത്തം എടുത്ത് പറയേണ്ടതാണ്: മധുബാല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1997ല്‍ മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇരുവര്‍. എ.ആര്‍. റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ ചിത്രം, തമിഴ് രാഷ്ട്രീയനേതാക്കളായിരുന്ന എം.ജി രാമചന്ദ്രന്റെയും എം. കരുണാനിധിയുടേയും രാഷ്ട്രീയജീവിതാംശങ്ങള്‍ പകര്‍ത്തിയിരുന്നു. മോഹന്‍ലാല്‍, പ്രകാശ് രാജ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഇരുവര്‍ എക്കാലത്തെയും ക്ലാസിക് ചിത്രമായി വിശേഷിപ്പിക്കപ്പെടുന്നു.

ഇരുവരിലെ ഗാനങ്ങളെല്ലാം തന്നെ പ്രശസ്തമായിരുന്നു. ചിത്രത്തിലെ നറുമുഖയെ എന്ന പാട്ടു സീനില്‍ മാത്രം അഭിനയിച്ച താരമാണ് മധുബാല. മോഹന്‍ലാലും മധുബാലയും ഒന്നിച്ച ഈ ഗാനം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആയിരുന്നു ചിത്രീകരിച്ചിരുന്നത്. ദമയന്തിയും ദുഷ്യന്തനുമായാണ് ഇരുവരും ഗാനത്തില്‍ പ്രത്യക്ഷപ്പെട്ടത്.

ഗാനരംഗത്തില്‍ താന്‍ ശകുന്തളയും മോഹന്‍ലാല്‍ ദുഷ്യന്തനുമായാണ് അഭിനയിച്ചതെന്നും ആ പാട്ട് സീനില്‍ മോഹന്‍ലാലിന്റെ ഡാന്‍സ് കണ്ടാല്‍ നൃത്തം പരിശീലിച്ചത് പോലെ തോന്നുമായിരുന്നുവെന്നും മധുബാല പറയുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനോട് സംസാരിക്കുകയാണ് മധുബാല.

‘പത്ത് സിനിമകള്‍ ചെയ്തതിന് തുല്യമായി ആ ഒരു ഗാനം. എ.ആര്‍. റഹ്‌മാന്‍ ഒരുക്കിയ നറുമുഗയേ എന്ന ക്ലാസിക് ഗാനം ഇന്നും ആഘോഷിക്കപ്പെടുന്നു. ഒരു ഗാനരംഗത്തിനു വേണ്ടി മാത്രമാണ്, വരണം എന്ന് പറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. വിളിക്കുന്നത് മണിരത്‌നം സാര്‍ ആണ്.

അതിരപ്പിള്ളിയിലെ മനോഹരമായ ലൊക്കേഷനില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച മനോഹരമായ ഗാനം. ലാലേട്ടന്‍ ദുഷ്യന്തനും ഞാന്‍ ശകുന്തളയുമായി. നൃത്തംചെയ്യാനുള്ള ലാലേട്ടന്റെ കഴിവാണ് എടുത്തു പറയേണ്ടത്. അദ്ദേഹം ഞങ്ങളെപ്പോലെ ശാസ്ത്രീയ നൃത്തം പരിശീലിച്ച വ്യക്തിയല്ല. പക്ഷേ, അദ്ദേഹം നൃത്തം ചെയ്യുന്നത് കണ്ടാല്‍ അങ്ങനെ തോന്നില്ല,’ മധുബാല പറയുന്നു.

Content Highlight:  Madhubala talks about Mohanlal’s Performance In Narumugaye song in Iruvar Movie

We use cookies to give you the best possible experience. Learn more