ആ പാട്ടിൽ ലാലേട്ടൻ കുതിരപ്പുറത്ത് വരുന്നത് കണ്ടാൽ കഥകളിലെ ദുഷ്യന്തനെ പോലെ തോന്നും: മധുബാല
Entertainment
ആ പാട്ടിൽ ലാലേട്ടൻ കുതിരപ്പുറത്ത് വരുന്നത് കണ്ടാൽ കഥകളിലെ ദുഷ്യന്തനെ പോലെ തോന്നും: മധുബാല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th September 2024, 7:58 pm

ബോളിവുഡ് ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് മധുബാല. എന്നാൽ ആദ്യം റിലീസായത് മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അഴകനായിരുന്നു. മലയാളത്തിൽ ഒറ്റയാൾ പട്ടാളം, നീലഗിരി തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും യോദ്ധ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് മധുബാല മലയാളികൾക്ക് സുപരിചിതയാവുന്നത്.

മണിരത്നം ചിത്രം റോജയിലെ പ്രകടനവും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. മണിരത്നം ഒരുക്കിയ മോഹൻലാൽ ചിത്രം ഇരുവറിൽ നറുമുഗയേ എന്ന ഗാനരംഗത്തിൽ താരം പ്രത്യക്ഷപ്പെടുന്നുണ്ട്. ആ ഗാനം പത്ത് സിനിമകൾക്ക് തുല്യമായിരുന്നുവെന്ന് പറയുകയാണ് മധുബാല.

ഗാനരംഗത്തിൽ താൻ ശകുന്തളയും മോഹൻലാൽ ദുഷ്യന്തനുമായാണ് അഭിനയിച്ചതെന്നും ആ പാട്ട് സീനിൽ മോഹൻലാലിന്റെ ഡാൻസ് കണ്ടാൽ നൃത്തം പരിശീലിച്ചത് പോലെ തോന്നുമായിരുന്നുവെന്നും മധുബാല പറയുന്നു. കുതിരപ്പുറത്ത് മോഹൻലാൽ വരുന്നത് കണ്ടാൽ കഥകളിലെ രംഗം പോലെ തന്നെ തോന്നുമായിരുന്നുവെന്നും മധുബാല മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് പറഞ്ഞു.

‘പത്ത് സിനിമകൾ ചെയ്‌തതിന് തുല്യമായി ആ ഒരു ഗാനം. എ.ആർ. റഹ്മാൻ ഒരുക്കിയ നറുമുഗയേ എന്ന ക്ലാസിക് ഗാനം ഇന്നും ആഘോഷിക്കപ്പെടുന്നു. ഒരു ഗാനരംഗത്തിനു വേണ്ടി മാത്രമാണ്, വരണം എന്ന് പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. വിളിക്കുന്നത് മണിരത്നം സാർ ആണ്.

അതിരപ്പിള്ളിയിലെ മനോഹരമായ ലൊക്കേഷനിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച മനോഹരമായ ഗാനം. ലാലേട്ടൻ ദുഷ്യന്തനും ഞാൻ ശകുന്തളയുമായി. നൃത്തംചെയ്യാനുള്ള ലാലേട്ടൻ്റെ കഴിവാണ് എടുത്തു പറയേണ്ടത്. അദ്ദേഹം ഞങ്ങളെപ്പോലെ ശാസ്ത്രീയ നൃത്തം പരിശീലിച്ച വ്യക്തിയല്ല. പക്ഷേ, അദ്ദേഹം നൃത്തം ചെയ്യുന്നത് കണ്ടാൽ അങ്ങനെ തോന്നില്ല.

കുതിരപ്പുറത്ത് വരുന്ന രംഗമൊക്കെ കണ്ടാൽ കഥകളിലെ ദുഷ്യന്തനെപ്പോലെത്തന്നെ തോന്നും. ഇന്നത്തെകാലത്തും നൃത്തവേദികളിൽ നിറഞ്ഞുനിൽക്കുന്ന ഗാനമാണ് നറുമുഗയേ. മറ്റുള്ളവർ അതിന് ചുവടുവയ്ക്കുമ്പോൾ അഭിമാനവും സന്തോഷവും തോന്നും,’മധുബാല പറയുന്നു.

 

Content Highlight: Madhubala Talk About Iruvar Movie Song With Mohanlal