സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെ കുറിച്ച് സംസാരിക്കുകയാണ് മധു. സത്യന്‍ അന്തിക്കാടിനെ താന്‍ അറിഞ്ഞ് തുടങ്ങിയ കാലം മുതല്‍ സിനിമക്കായി കഠിനപരിശ്രമം നടത്തുന്ന ഒരാളായിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് മധു പറയുന്നു. സത്യന്‍ അന്തിക്കാടിന്റെ ഒട്ടുമിക്ക സിനിമകളും താന്‍ കണ്ടിട്ടുണ്ടെന്നും 60 ശതമാനം മാര്‍ക്കിന് മുകളില്‍ കൊടുക്കാവുന്ന സിനിമകളാണ് അവയില്‍ ഏറെയൊന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാട്ടുനന്മയുള്ള ജീവിതങ്ങളുടെ സിനിമകള്‍ മാത്രമല്ലത്, ‘പിന്‍ഗാമി’പോലെ വളരെ വ്യത്യസ്ത തലങ്ങളിലുള്ള സിനിമകളും സത്യന്റേതായി നമുക്ക് മുന്നിലുണ്ട് – മധു
‘സത്യനെ ഞാന്‍ അറിഞ്ഞ് തുടങ്ങിയ കാലം മുതല്‍ സിനിമയെ നന്നായി പഠിക്കാന്‍ കഠിനപരിശ്രമം നടത്തുന്ന ഒരാളായിട്ടാണ് എനിക്ക് തോന്നിയത്. എന്തെല്ലാം പ്രയാസങ്ങളുണ്ടായാലും ചെയ്യുന്ന പ്രവൃത്തി വളരെ അടുക്കും ചിട്ടയോടും കൂടി ചെയ്യുകയും അതില്‍ സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്ന മനുഷ്യരുടെ കൂട്ടത്തിലാണ് സത്യന്‍.
ഷൂട്ടിങ് സ്ഥലത്തും പുറത്തും ആവശ്യമില്ലാത്ത സംസാരങ്ങള്‍ ഒരിക്കല്‍ പോലും സത്യനില്‍ നിന്നുണ്ടായിട്ടില്ല. തന്റെ ജോലിയില്‍ മാത്രം ശ്രദ്ധിച്ച് അതില്‍ വിജയം കണ്ടെത്തായിരുന്നു സത്യന്റെ ശ്രമം. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമ പഠിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അത് അത്രകണ്ട് സുഗമമായൊരു വഴി ആയിരുന്നില്ല.
കഷ്ടപ്പാടിന്റെ വലിയ ലോകത്ത് പൊരുതി ജീവിച്ചാണ് അവരില്‍ പലരും വിജയിച്ച് വന്നത്. ആ നിരയില്‍ സത്യന്‍ അന്തിക്കാടുമുണ്ട്.
പരിചയപ്പെട്ട കാലം മുതല്‍ വളരെ കുറച്ചു മാത്രമേ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടുള്ളൂ. എന്തെങ്കിലും ചോദിച്ചാല്‍ ചുരുങ്ങിയ വാക്കുകളില്‍ ഒരു മറുപടി സത്യനില്‍ നിന്നുണ്ടാവും. അതിനപ്പുറമൊരു സംസാരമില്ല. അത് ആ വ്യക്തിയുടെ സ്വഭാവത്തിലെ ഏറ്റവും നല്ലൊരു ഗുണമായിട്ടാണ് എനിക്ക് തോന്നിയത്. ഞാന്‍ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്ത പല സിനിമകള്‍ക്ക് പിറകിലും സത്യനുണ്ടായിരുന്നു.
സത്യന്‍ സംവിധാനം ചെയ്ത ഒട്ടുമിക്ക പടങ്ങളും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. 60 ശതമാനം മാര്‍ക്കിന് മുകളില്‍ കൊടുക്കാവുന്ന സിനിമകളാണ് അവയെല്ലാം. ജീവിതത്തെക്കുറിച്ചുള്ള സത്യന്റെ നിരീക്ഷണവും അറിവും അദ്ദേഹത്തിന്റെ സിനിമകളിലും തെളിഞ്ഞു കാണാം. നാട്ടുനന്മയുള്ള ജീവിതങ്ങളുടെ സിനിമകള്‍ മാത്രമല്ലത്, ‘പിന്‍ഗാമി’പോലെ വളരെ വ്യത്യസ്ത തലങ്ങളിലുള്ള സിനിമകളും സത്യന്റേതായി നമുക്ക് മുന്നിലുണ്ട്. എങ്കിലും സത്യന് പറയാന്‍ ഏറെയിഷ്ടം പച്ചയായ മനുഷ്യരുടെ ജീവിതമാണ്. മണ്ണിനോടും മനുഷ്യരോടുമുള്ള അദ്ദേഹത്തിന്റെ സ്‌നേഹമാണ് ഇത് വ്യക്തമാക്കുന്നത്,’ മധു പറയുന്നു.
Content highlight: Madhu talks about Sathyan Anthikkad